‘ദയവായി എന്റെ പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി എന്നെ അവഹേളിക്കരുത്, എന്നെപ്പോലെ കാൻസർ ബാധിച്ച് പ്രയാസമനുഭവിക്കുന്ന ഒട്ടനവധി രോഗികളുണ്ട്’; രേണു സുധി
കാൻസർ രോഗത്തിൻ്റെ കഠിനമായ ചികിത്സാ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനിടയിലും രേണു സുധിക്കെതിരെ സൈബർ ആക്രമണം ശക്തമാണ്. ഇപ്പോഴിതാ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്രൂരമായ വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി. ദയവായി തന്റെ പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി തന്നെ അവഹേളിക്കരുതെന്നും വ്യൂസിനും റീച്ചിനും വേണ്ടി ഒരു കാൻസർ രോഗിയെ ഇനിയും ദ്രോഹിക്കരുതെന്നും രേണു സുധി പറയുന്നു.
രണ്ടാമത്തെ കീമോതെറാപ്പിക്ക് ശേഷം അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഒരാഴ്‌ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിവരവും, ഇപ്പോഴുള്ള ഏക വരുമാന മാർഗ്ഗമായ യൂട്യൂബ് ചാനലിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കു പിന്നിലെ സത്യാവസ്ഥയുമാണ് രേണുവും സഹോദരിയും ചേർന്ന് പുതിയ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. രേണുവിന് കാൻസർ ഇല്ലെന്നും മരുന്ന് ബില്ലുകൾ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നുമുള്ള ചില വ്ലോഗർമാരുടെ പ്രചാരണങ്ങൾക്കെതിരെ രേണുവിൻ്റെ സഹോദരി ശക്തമായി രംഗത്തെത്തി.
ലക്ഷക്കണക്കിന് രൂപ വിലവരുന്ന ജീവൻ രക്ഷാ മരുന്നുകളുടെ ഒറിജിനൽ ബില്ലുകൾ ഫാർമസി നമ്പറുകൾ സഹിതം പങ്കുവച്ചുകൊണ്ടാണ് ഈ വ്യാജ പ്രചാരണങ്ങളുടെ മുന ഒടിക്കുന്നത്. ചികിത്സയ്ക്കും ജീവിക്കാനുമായി യൂട്യൂബ് ചാനലിൽ നിന്നും ലഭിക്കുന്ന വരുമാനം മാത്രമാണ് തങ്ങൾക്ക് മുന്നിലുള്ളതെന്നും വ്യൂസിനും റീച്ചിനും വേണ്ടി ഒരു കാൻസർ രോഗിയെ ഇനിയും ദ്രോഹിക്കരുതെന്നും അവർ വിഡിയോയിൽ പറയുന്നു.
രേണു സുധിയുടെ വാക്കുകൾ
‘രണ്ടാമത്തെ കീമോതെറാപ്പിക്ക് ശേഷം കടുത്ത ഛർദ്ദിയും ശാരീരിക അസ്വസ്‌ഥതകളും കാരണം കഴിഞ്ഞ അഞ്ച് ദിവസമായി ഞാൻ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് ഡിസ്‌ചാർജ് ആയി വീട്ടിലെത്തി. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥനയും വഴിപാടുകളും കൊണ്ടാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അവർക്ക് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. ഇനിയും എനിക്ക് നാല് കീമോകളും അതിനുശേഷം ശസ്ത്രക്രിയയും കൂടിയുണ്ട്. പൂർണ ആരോഗ്യത്തോടെ ഞാൻ തിരിച്ചുവരുമെന്ന് തന്നെയാണ് എൻ്റെ ഉറച്ച വിശ്വാസം. കുട്ടിക്കാലം തൊട്ടേ എന്റെയോ മറ്റുള്ളവരുടെയോ ശരീരത്തിൽ ഒരു മാരക രോഗവും വരാതിരിക്കണേ എന്ന് ഞാൻ പ്രാർഥിക്കാറുണ്ടായിരുന്നു. എന്നിട്ടും എനിക്ക് എന്തുകൊണ്ടാണ് ഈ അസുഖം വന്നതെന്ന് ആശുപത്രി കിടക്കയിൽ കിടന്ന് ഞാൻ ദൈവത്തോട് ചോദിച്ചു. നാളെ മറ്റുള്ളവരുടെ മുന്നിൽ ദൈവകൃപ സാക്ഷ്യപ്പെടുത്താൻ വേണ്ടിയാകാം ഇതെന്നാണ് എൻ് മനസ്സ് ഇപ്പോൾ എന്നോട് പറയുന്നത്. എന്റെ അഭാവത്തിൽ മകൻ ഒറ്റപ്പെട്ടുപോകുമോ എന്നൊരു വിഷമം ഉള്ളിലുണ്ടായിരുന്നു. എന്നാൽ എൻ്റെ ചേച്ചിയുടെ മക്കളും എൻ്റെ മക്കളും അവനെ സ്വന്തം സഹോദരനെപ്പോലെയാണ് നോക്കുന്നത്. ഒരു അമ്മയുടെ വയറ്റിൽ ജനിച്ചതുപോലെ അവർ അവനെ ചേർത്തുപിടിക്കുന്നത് കാണുമ്പോൾ എനിക്ക് വലിയ സന്തോഷമുണ്ട്. മനസ്സിന് അധികം വിഷമം ഉണ്ടാക്കരുതെന്നും ഫോൺ ഉപയോഗിക്കരുതെന്നും ഡോക്‌ടർമാർ എന്നോട് കർശനമായി പറഞ്ഞിട്ടുണ്ട്. അതിനാൽ ഞാൻ ഫോൺ ഉപയോഗിക്കാറില്ല. എന്നാൽ ഈ യൂട്യൂബ് ചാനൽ മാത്രമാണ് എൻ്റെ ഏക വരുമാനമാർഗ്ഗം; എനിക്ക് ജീവിക്കാൻ വേറെ വഴികളില്ല. എന്നെ സ്നേഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും പിന്തുണയ്ക്കുകയും വേണം. ദയവായി എന്റെ പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി എന്നെ അവഹേളിക്കരുത്. എന്നെപ്പോലെ കാൻസർ ബാധിച്ച് പ്രയാസമനുഭവിക്കുന്ന ഒട്ടനവധി രോഗികളുണ്ട്. ആ വേദന അത് അനുഭവിക്കുന്നവർക്കോ അവരുടെ കുടുംബത്തിനോ മാത്രമേ മനസ്സിലാകൂ. അവരോട് അല്‌പമെങ്കിലും കരുണ കാണിക്കുക’.
അച്ഛന് അമ്മയെ ഒരു ദിവസം 10 തവണയൊക്കെ വിളിക്കുമെന്ന് വിസ്മയ; വിളിച്ചാല് ആദ്യം ചോദിക്കുന്നത് ആ കാര്യമെന്ന് സുചിത്ര
‘അറസ്റ്റ് ന്യായം, ഉദയനിധിയോട് കാണിച്ച അതേ നിയമപരമായ സമീപനം എല്ലാവരോടും ഉണ്ടാകണം; വിശാൽ