Saturday, 19 September 2026
‘Honest storytelling is a powerful means of change
10:26:14 AM IST
Kerala

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ചോദ്യം ചെയ്യലിന് കൂടുതൽ പി.എസ്‌.സി അംഗങ്ങളെ വിളിച്ചുവരുത്താൻ ക്രൈംബ്രാഞ്ച്

ന്യൂസ് ഡെസ്ക് 19 September 2026, 10:25 am
SHARE

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമോപദേശം ലഭിച്ചതിന് പിന്നാലെ തുടർനടപടികളിലേക്ക് കടക്കാൻ എസ്ഐടി. കൂടുതൽ പി.എസ്.സി അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കത്ത് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പി.എസ്.സി ചെയർമാൻ ഉൾപ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്താനാണ് നീക്കം. എന്നാൽ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ കോടതി തീരുമാനം വരുന്നതുവരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ലെന്നാണ് പി.എസ്.സി അംഗങ്ങളുടെ നിലപാട്.

പി.എസ്.സി അംഗങ്ങൾ ഹാജരാകാത്തപക്ഷം കടുത്ത നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക നിയമപരിരക്ഷയില്ലെന്ന് ക്രൈംബ്രാഞ്ചിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ നിർദേശിക്കുന്ന സ്ഥലത്ത് പി.എസ്.സി അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടാമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ പി.എസ്.സിക്ക് പ്രത്യേക നിയമപരിരക്ഷയുണ്ടെന്ന വാദവും ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പി.എസ്.സി ചെയർമാൻ അന്വേഷണ സംഘത്തിന് കത്ത് നൽകുകയും ചെയ്തു. എന്നാൽ പ്രത്യേക നിയമപരിരക്ഷയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നിലപാട് കടുപ്പിക്കുന്നത്.

അന്വേഷണത്തോട് എല്ലാവരും സഹകരിക്കണമെന്നാണ് വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഉന്നത സ്ഥാനങ്ങളിലുള്ള പലരും വിവിധ ഘട്ടങ്ങളിൽ അന്വേഷണങ്ങളോട് സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിൽ കോടതി തീരുമാനം വരുന്നതുവരെ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് പി.എസ്.സി അംഗങ്ങൾ.

Read More
psc
s
ന്യൂസ് ഡെസ്ക്
View all posts →