ചോദ്യപേപ്പർ ചോർച്ച തടയാൻ എൻടിഎയുടെ പുതിയ നീക്കം; പരീക്ഷാ ചോദ്യങ്ങളുടെ വിവർത്തനം ഇനി എഐ വഴി
ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി പരീക്ഷാ സംവിധാനത്തിൽ കൂടുതൽ പരിഷ്കാരങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). പരീക്ഷാ ചോദ്യപേപ്പറുകളുടെ വിവിധ ഭാഷകളിലേക്കുള്ള വിവർത്തനം ഇനി എഐ അധിഷ്ഠിതമാക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക എഐ വിവർത്തന പ്ലാറ്റ്ഫോം ഒരുക്കും. ഇംഗ്ലീഷിൽ നിന്നുള്ള എഐ ജനറേറ്റഡ് വിവർത്തനങ്ങൾ പരിശോധിക്കുന്നതിനും ആവശ്യമായ തിരുത്തലുകൾ നിർദേശിക്കുന്നതിനുമായി പുതിയ ചുമതലകളോടെ വിവർത്തകരെ നിയോഗിക്കും.
എഐ വിവർത്തനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി എൻടിഎ പരമ്പരാഗത വിവർത്തകരിൽ നിന്ന് പുതിയ ആളുകളെ തിരഞ്ഞെടുക്കും. ഇവർ നിരീക്ഷണത്തിലായിരിക്കും. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവർത്തകർക്ക് ചോദ്യപേപ്പർ മുഴുവനായി ലഭിക്കില്ല. എഐ വിവർത്തനങ്ങൾ പരിശോധിക്കുന്നവർക്ക് ഓരോ ചോദ്യവും പ്രത്യേകം മാത്രമേ ലഭിക്കൂ. ചോദ്യപേപ്പറിൽ ചോദ്യങ്ങൾ പ്രത്യക്ഷപ്പെടുന്ന ക്രമവും ഇവർക്ക് നൽകില്ല. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വിവർത്തകർക്ക് പങ്കുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ എൻടിഎ നേരത്തെ കടുത്ത വിമർശനം നേരിട്ടിരുന്നു. പരീക്ഷാ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കർശന നിർദേശങ്ങളും നൽകിയിരുന്നു. ഇതിന്റെ ഭാഗമായി പരീക്ഷാ നടത്തിപ്പ് സമിതിയിലും മാറ്റങ്ങൾ വരുത്തി. 600 വിദഗ്ധരെ മാറ്റി പകരം പുതിയ വിദഗ്ധരെ ഉൾപ്പെടുത്തുകയും ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാൻ നാല് തലത്തിലുള്ള പരിശോധനാ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
‘കാർ റേസ് കാണാനല്ല, 15,300 കോടിയുടെ നിക്ഷേപത്തിനെന്ന് സർക്കാർ’; ലണ്ടൻ സന്ദർശനം കഴിഞ്ഞ് വിജയ് ചെന്നൈയിൽ
ഓപ്പറേഷൻ സോഹൻ : സൈന്യത്തിന്റെ സംയുക്ത ദൗത്യത്തിൽ ഉധംപൂരിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു