'ഖമേനിയെ അപമാനകരമായ മരണത്തിൽ നിന്ന് രക്ഷിച്ചു, ആണവായുധ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചാൽ ഇറാനിൽ ബോംബിടും'; ഭീഷണി മുഴക്കി ഡോണൾഡ് ട്രംപ്

ആണവായുധ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചാൽ ഇറാനിൽ ബോംബിടുമെന്ന ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേലുമായുള്ള യുദ്ധത്തിൽ വിജയിച്ചെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അവകാശവാദത്തിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഖമേനി യുദ്ധത്തിൽ വിജയിച്ചെന്ന നഗ്നവും വിഡ്ഢിത്തം നിറഞ്ഞതുമായ കള്ളം പറയുകയാണെന്നും ട്രംപ് പറഞ്ഞു. ഖമേനിയെ മോശവും അപമാനകരവുമായ മരണത്തിൽ നിന്ന് താൻ രക്ഷിച്ചെന്ന് ട്രൂത്ത് പോസ്റ്റിലും ട്രംപ് കുറിച്ചു.

‘അയാളുടെ രാഷ്ട്രം നശിച്ചു. അയാളുടെ മൂന്ന് പൈശാചിക ആണവ കേന്ദ്രങ്ങൾ ഇല്ലാതാക്കി. അയാൾ എവിടെയാണ് ഒളിച്ചിരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാൽ ഇസ്രയേലിനെയും ലോകത്തെ ഏറ്റവും ശക്തവും വലുതുമായ അമേരിക്കൻ സൈന്യത്തെയും അയാളെ കൊലപ്പെടുത്താൻ ഞാൻ അനുവദിച്ചില്ല എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഇതിന് തന്നോട് നന്ദി പറയേണ്ടതില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

‘യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ തെഹ്‌റാനെ നേരിട്ട് ലക്ഷ്യം വെക്കാൻ പദ്ധതിയിട്ട ഇസ്രയേലിനെ ഞാൻ തിരികെ വിളിച്ചു. അല്ലെങ്കിൽ നിരവധി നാശനഷ്ടമുണ്ടാകുകയും നിരവധി ഇറാനികൾ കൊല്ലപ്പെടുകയും ചെയ്യുമായിരുന്നു. യുദ്ധത്തിലെ ഏറ്റവും വലിയ ആക്രമണമായി ഇത് മാറുമായിരുന്നു’, ട്രംപ് പറഞ്ഞു. ഖമേനിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ ദേഷ്യത്തിന്റെയും വെറുപ്പിന്റെയും വിവരണമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

‘ഇറാൻ ലോക ക്രമത്തിലേക്ക് തിരിച്ചുവരണം. അല്ലെങ്കിൽ അവരെ അത് മോശമായി ബാധിക്കും. അവർ എപ്പോഴും ദേഷ്യമുള്ളവരും അസഹിഷ്ണുതയുള്ളവരും അസന്തുഷ്ടരുമാണ്. അത് അവർക്ക് ചുട്ടുപ്പൊള്ളുന്ന, പൊട്ടിത്തെറിച്ച, ഭാവിയില്ലാത്ത, നശിച്ച സൈന്യമുള്ള, ഭയാനകമായ സമ്പദ് വ്യവസ്ഥയുള്ള, ചുറ്റിലും മരണം മാത്രമുള്ള രാജ്യത്തെയാണ് സമ്മാനിച്ചത്. അവർക്ക് പ്രതീക്ഷയില്ല. ഇറാന്റെ നേതൃത്വം ഈ യാഥാർത്ഥ്യം തിരിച്ചറിയണം’, ട്രംപ് കുറിച്ചു.

Read more

ഇസ്രയേൽ ഭരണകൂടത്തിനെതിരെ ഇറാൻ വിജയം നേടിയെന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞിരുന്നു. അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണിതെന്നും യുദ്ധത്തിൽ ഇടപെട്ടതുകൊണ്ട് അമേരിക്കയ്ക്ക് പ്രത്യേകിച്ച് നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെന്നും ഖമേനി പറഞ്ഞിരുന്നു. ഇറാനെതിരെ ഇനിയും ആക്രമണം ഉണ്ടായാൽ അമേരിക്ക കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഖമേനി പറഞ്ഞിരുന്നു.