ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാല്‍ കോവിഡ് വ്യാപനം ഉച്ചസ്ഥായിലെത്തും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇപ്പോൾ ഇളവ് വരുത്തിയാല്‍ കോവിഡ് വ്യാപനം ഉച്ചസ്ഥായിലെത്തുമെന്ന് ലോകാരോഗ്യ സംഘടന. രണ്ടാമതും രോഗവ്യാപനം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്താനിടയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി. രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും രോഗവ്യാപനത്തിന്റെ അടുത്ത ഉയർന്ന അവസ്ഥ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള സമയമാണിതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി.

നിലവില്‍ കോവിഡ് മഹാമാരിയുടെ ആദ്യ തരംഗമാണ് ലോകത്ത് അനുഭവപ്പെടുന്നത്. ഇപ്പോഴും രോഗവ്യാപനം മുന്നോട്ടു തന്നെയാണ്. ഏതു സമയത്തും രോഗബാധയില്‍ വലിയ ഉയര്‍ച്ചയുണ്ടാകാനിടയുണ്ട്. ഇക്കാര്യം എല്ലാ രാജ്യങ്ങളും കരുതയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന എമര്‍ജന്‍സി വിഭാഗം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു.

നിലവില്‍ രോഗവ്യാപനത്തിന്റെ തോത് താഴ്ന്നു കൊണ്ടിരിക്കുകയാണ് എന്നതിനാല്‍ രോഗവ്യാപനം ഇല്ലാതായി കൊണ്ടിരിക്കുന്നു എന്ന് പറയാനാവില്ല. രോഗം വീണ്ടും മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയേക്കാം. അതിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് നമുക്ക് ഏതാനും മാസങ്ങള്‍ ലഭിച്ചേക്കാം എന്നുമാത്രം. രോഗബാധയില്‍ കുറവുണ്ടാകുന്ന രാജ്യങ്ങള്‍ ഈ സമയം ഉപയോഗിച്ച് രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. രോഗവ്യാപനത്തിന്റെ അടുത്ത ഉച്ചാവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം, അദ്ദേഹം പറഞ്ഞു.

ലോകത്ത് മിക്ക രാജ്യങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പ്രതിരോധ മരുന്ന് കണ്ടെത്തുകയും അതുപയോഗിച്ച് ജനങ്ങള്‍ വൈറസിനെ പ്രതിരോധിക്കാന്‍ പ്രാപ്തി നേടുകയും ചെയ്യുന്നതുവരെ സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള പ്രതിരോധ നടപടികളില്‍ ഇളവു വരുത്താനാവില്ലെന്നാണ് വിദഗ്ധരുടെ നിലപാട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 768 ആളുകളാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,00,573 ആയി. 19000ത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 17ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചത്. എങ്കിലും സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയിരിക്കുകയാണ് ഭരണകൂടം. ന്യൂയോര്‍ക്ക് ഓഹരി വിപണിയടക്കം പ്രവര്‍ത്തനം പുനരാരംഭിച്ചു.

അമേരിക്ക കഴിഞ്ഞാല്‍ രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ മരണസംഖ്യ 24512 ആയി. ലോകത്ത് ഇന്നലെ കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായത് ബ്രസീലിലാണ്. 1027 ആളുകളാണ് ബ്രസീലില്‍ മരിച്ചത്. റഷ്യയിലും രോഗവ്യാപനത്തില്‍ കുറവില്ല.. 9000- ത്തിലധികം കേസുകളും 174 മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ 134 പേരും സ്പെയിനില്‍ 280 പേരും ഇന്നലെ മരിച്ചു.