ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമീനിയെ വധിക്കാന്‍ എല്ലാവഴിയും നോക്കിയിരുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ്. വധിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രയേല്‍ നേ പരമാവധി നടത്തി. എന്നാല്‍, എവിടെയാണ് അദേഹം ഒളിച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഖമീനി തങ്ങളുടെ കണ്ണില്‍പെട്ടിരുന്നെങ്കില്‍ വധിക്കുമായിരുന്നു. എന്നാല്‍ തങ്ങളുടെ ഭീഷണി മനസിലാക്കി ഖമീനി ഭൂമിക്കടിയില്‍ പോയി ഒളിച്ചെന്നും അതിനാല്‍ അത് നടക്കാതെ പോയെന്നും കാറ്റ്‌സ് കാന്‍ പബ്ലിക് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തങ്ങളുടെ ഭീഷണി തിരിച്ചറിഞ്ഞെന്നും തുടര്‍ന്ന് ഭൂമിക്കടിയില്‍ പോയി എലിയെപോലെ ഒളിച്ചെന്നും കാറ്റ്സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ അമേരിക്കയും ഇസ്രയേലും വിറച്ചെന്ന് ആയത്തുള്ള അലി ഖമനേയി പറഞ്ഞു. ഖത്തറിലെ വ്യോമതാവളത്തിലേക്ക് ഇറാന്‍ നടത്തിയ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ്. ഇസ്രായേലിനെതിരേ ഇറാന്‍ വിജയം കൈവരിച്ചതായും അദേഹം അവകാശപ്പെട്ടു.
ഇസ്രയേലിന് ആക്രമണത്തില്‍ വലിയ തകര്‍ച്ചയുണ്ടായി. അമേരിക്ക ഇടപെട്ടില്ലെങ്കില്‍ സയണിസ്റ്റ് രാഷ്ട്രത്തെ തകര്‍ക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഇറാനെതിരെയുണ്ടാകുന്ന ഏത് ആക്രമണത്തിനും വലിയ വില നല്‍കേണ്ടിവരും.
ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണം ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നും അദ്ദേഹം പത്തുമിനിറ്റിലധികം നീണ്ട വീഡിയോയില്‍ പറഞ്ഞു. ‘രാജ്യത്തിന്റെ ആണവശേഷി പൂര്‍ണമായും തകര്‍ത്തതായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന വീരവാദമാണ്. വിജയിച്ചത് ഇറാനാണ്. സയണിസ്റ്റ് രാജ്യത്തെ തോല്‍പ്പിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും അഭിനന്ദനം’- അദ്ദേഹം പറഞ്ഞു. ഇസ്രയേലുമായി 12 ദിവസംനീണ്ട സംഘര്‍ഷം അവസാനിച്ചശേഷം ആദ്യമായാണ് ഖമനേയി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തലിന് ശേഷമുള്ള ആദ്യപ്രതികരണമാണ് ഖമീനിയുടേത്. യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കില്‍ ഇസ്രയേല്‍ പൂര്‍ണമായും നശിപ്പിക്കപ്പെടുമെന്ന് കരുതിയാണ് ആക്രമണത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഈ യുദ്ധത്തില്‍ അവര്‍ക്ക് യാതൊരു തരത്തിലുള്ള നേട്ടവും ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നും ഖമീനി പറഞ്ഞു.
Read more
മേഖലയിലെ പ്രധാന യുഎസ് താവളങ്ങളിലൊന്നായ അല്‍-ഉദൈദ് വ്യോമതാവളത്തില്‍ ആക്രമണം നടത്തുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായി ഖമീനി പറഞ്ഞു. ഭാവിയില്‍ വേണ്ടിവന്നാല്‍ ഇത്തരം നടപടി ആവര്‍ത്തിക്കപ്പെടുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.