ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഇനി മാമോദീസ സ്വീകരിക്കാം; വിപ്ലവകരമായ തീരുമാനമെടുത്ത് ഫ്രാൻസിസ് മാർപാപ്പ

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മാമോദീസ സ്വീകരിക്കുവാനും സഭയുടെ ചടങ്ങുകളിൽ പങ്കാളികളാകുവാനും അനുവാദം നല്‍കി കത്തോലിക്കാ സഭ. തലത്തൊട്ടപ്പന്‍/തലതൊട്ടമ്മമാരാകാനും പള്ളികളില്‍ നടക്കുന്ന കല്യാണങ്ങളില്‍ സാക്ഷികളാകാനും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുമതി ഉണ്ടായിരിക്കുമെന്നും ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു.

‘മറ്റു വിശ്വാസികളുടെ അതേ വ്യവസ്ഥകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഇനി മാമോദീസ ചെയ്യാം. ചില പ്രത്യേക വ്യവസ്ഥകളോടെ ഇവര്‍ക്ക് തലത്തൊട്ടപ്പന്‍മാരും തലത്തൊട്ടമ്മമാരുമാകാം’- പുതിയ ഉത്തരവില്‍ പറയുന്നു.

കത്തോലിക്ക സഭയുടെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്ന് എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങളെ പിന്തുണയ്ക്കുന്ന ഫാ. ജെയിംസ് മാര്‍ട്ടിന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുളളവര്‍ക്ക് മാമോദീസ നല്‍കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ചില മാനദണ്ഡങ്ങളോടെ കഴിയുമെന്ന് കഴിഞ്ഞ മാസം 31 ന് മാര്‍പാപ്പ അംഗീകരിച്ച രേഖയില്‍ പറയുന്നു.

ബ്രസീലിലെ സാന്റോ അമാരോയിലെ ബിഷപ്പ് ജോസ് നെഗ്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കത്തോലിക്ക സഭ ഇക്കാര്യം അറിയിച്ചത്. സ്വവര്‍ഗ വിവാഹം ചെയ്തവര്‍ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനേയും വാടക ഗര്‍ഭത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്നതിനെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ത്തുന്ന പക്ഷം അതില്‍ തെറ്റില്ലെന്ന് സഭ മറുപടി നല്‍കി.