ഇറാനിലെ പ്രധാനപാലമായ 'ബി-1 ബ്രിഡ്ജ്' തകർത്ത് അമേരിക്ക; 'അവശേഷിക്കുന്നവയെ നശിപ്പിക്കാൻ തുടങ്ങിയിട്ടില്ല', പാലങ്ങൾ കഴിഞ്ഞാൽ വൈദ്യുതി നിലയങ്ങളെന്ന് ട്രംപ്

യുഎസ്-ഇസ്രയേൽ സംയുക്ത ബോംബാക്രമണത്തിൽ ഇറാനിലെ ബി1 പാലം തകർന്നു. ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം. സ്‌ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടതായും 95 പേർക്ക് പരിക്കേറ്റതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടെഹ്‌റാനേയും കരാജിനെയും ബന്ധിപ്പിക്കുന്ന ഈ പാലം പശ്ചിമേഷ്യയിലെ ഏറ്റവും ഉയരുമുള്ള പാലമാണ് പ്രസിദ്ധമായ ബി1 പാലം. ‘ഇറാനിലെ ഏറ്റവും വലിയ പാലം ഇടിഞ്ഞുവീഴുന്നു, അത് ഇനി ഒരിക്കലും ഉപയോഗിക്കാനാകില്ല’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഒരു ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിന് പിന്നാലെ ട്രംപ് പുതിയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇറാനിൽ അവശേഷിക്കുന്നവയെ നശിപ്പിക്കാൻ തുടങ്ങിയിട്ടില്ലെന്നും പാലങ്ങൾ കഴിഞ്ഞാൽ അടുത്തത് വൈദ്യുത നിലയങ്ങളായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിലൂടെ തന്നെയാണ് പുതിയ മുന്നറിയിപ്പും. ഇറാനിലെ പുതിയ ഭരണകൂടത്തിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും അത് വേഗത്തിൽ ചെയ്യണമെന്നും ട്രംപ് കൂട്ടിച്ചേർക്കുകയുണ്ടായി.

‘ഇതുവരെയുള്ളതിൽ ലോകത്തിലെ ഏറ്റവും മികച്ചതും ശക്തരുമാണ് നമ്മുടെ സൈന്യം. ഇറാനിൽ അവശേഷിക്കുന്നവയെ നശിപ്പിക്കാൻ തുടങ്ങിയിട്ടില്ല. അടുത്തത് പാലങ്ങൾ, പിന്നെ വൈദ്യുതി നിലയങ്ങൾ! പുതിയ ഭരണത്തിന് എന്തു ചെയ്യണമെന്ന് അറിയാം, അത് വേഗത്തിൽ ചെയ്യേണ്ടതുണ്ട്’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.