രണ്ട് ഇസ്രായേല്‍ വിനോദ സഞ്ചാരികളെ വെടിവച്ച് കൊലപ്പെടുത്തി; കൃത്യത്തിന് പിന്നില്‍ ഈജിപ്തിഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ട്

ഈജിപ്തില്‍ രണ്ട് ഇസ്രായേല്‍ വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഈജിപ്തിഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റാണ് ഇസ്രായേലില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. സംഭവത്തില്‍ ഒരു ഈജിപ്ത് സ്വദേശിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍ സൈന്യവും പലസ്തീന്‍ തീവ്രവാദികളായ ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് പൊലീസുകാരനെ അറസ്റ്റ് ചെയ്തതായാണ് വിവരം. ഈജിപ്തിലെ അലക്‌സാന്‍ഡ്രിയ നഗരം സന്ദര്‍ശിക്കാനെത്തിയവരെ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 230ല്‍ അധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ഞൂറോളമായി. 2500ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഗാസയില്‍ 400ല്‍ അധികം ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായും നിരവധി ഭീകരരെ ബന്ദികളാക്കിയതായും ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നു. തെക്കന്‍ ഇസ്രായേലിലെ ഗാസ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കഫാര്‍ ആസയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. നഗരങ്ങളിലെല്ലാം തന്നെ ഐഡിഎഫ് സേനയെ വിന്യസിച്ചിട്ടുണ്ട്.