'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ലോക രാജ്യങ്ങളില്‍ സ്വന്തം പേരും പടവും ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്മാരകങ്ങളിലും സ്‌റ്റേഡിയങ്ങളിലും പദ്ധതികളിലും നിറയ്ക്കാന്‍ ശ്രമിക്കുന്ന ചുരുക്കം ചില ഭരണാധികാരികള്‍ ഒളിയും മറയുമില്ലാതെ സ്വയം അപഹാസ്യരായി ഭരണം തുടരുകയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ സ്വന്തം മുഖത്തിനോടുള്ള സ്‌നേഹമാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഏറ്റവും പുതിയ നീക്കം അമേരിക്കന്‍ പ്രസിഡന്റിന്റെ മുഖമുള്ള സ്മാരക പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കുക എന്നതാണ്. ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വെച്ചുള്ള പാസ്‌പോര്‍ട്ട് അങ്ങനെ അമേരിക്കയുടെ പേരില്‍ ലോകത്തിറങ്ങാന്‍ പോകുന്നു.

ട്രംപിന്റെ മുഖം മുദ്രണം ചെയ്ത ഡോളര്‍ നാണയവും ട്രംപിന്റെ ഒപ്പുള്ള ഡോളര്‍ നോട്ടും കറന്‍സിയുമെല്ലാം ഇക്കൊല്ലമിറങ്ങുന്നുണ്ട്. ആദ്യമായാണ് സിറ്റിങ് പ്രസിഡന്റിന്റെ ഒപ്പോടുകൂടിയ കറന്‍സി ഇറങ്ങുന്നതെന്നതും അമേരിക്കന്‍ ചരിത്രത്തില്‍ ഇടം നേടുന്നുണ്ട്. പാസ്പോര്‍ട്ടില്‍ ട്രംപിന്റെ ചിത്രമുള്‍പ്പെടുത്തുന്നതിനെ പ്രതിപക്ഷമായ ഡെമക്രാറ്റുകള്‍ പരിഹസിച്ചു.

യു.എസിന്റെ 250-ാം വാര്‍ഷികത്തിന്റെ സ്മരണികയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഛായാചിത്രം ഉള്‍പ്പെടുത്തി ഏതാനും പാസ്പോട്ടുകള്‍ പുറത്തിറക്കുമെന്നാണ് യുഎസ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. അധികാരത്തിലിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രമോ മുദ്രയോ ഔദ്യോഗികരേഖകളില്‍ ഉള്‍പ്പെടുത്തുന്ന ട്രംപ് സര്‍ക്കാരിന്റെ നടപടികളില്‍ ഏറ്റവും പുതിയതാണിത്.

പാസ്പോര്‍ട്ടിനുള്ളിലെ ഒരുപേജില്‍ ട്രംപിന്റെ ചിത്രവും എതിര്‍പേജില്‍ 1776-ല്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തില്‍ ഒപ്പുവെക്കുന്ന ചിത്രവുമുണ്ടാകും. പാസ്പോര്‍ട്ടിന്റെ മാതൃക വിദേശകാര്യവകുപ്പ് ‘എക്സി’ല്‍ പ്രസിദ്ധീകരിച്ചു. ജൂലായില്‍ ഇത് പുറത്തിറക്കും. നിലവിലുള്ള പാസ്പോര്‍ട്ടുകളുടെ അതേ സുരക്ഷാസംവിധാനങ്ങളെല്ലാം ഇതിലുമുണ്ടാകുമെന്ന് വിദേശകാര്യവക്താവ് ടോമി പിഗോട്ട് പറഞ്ഞു. സ്മരണികാ പാസ്പോര്‍ട്ടിന് അധികഫീസ് ഈടാക്കില്ലെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.