"ചുഴലിക്കാറ്റ് ആഫ്രിക്കയുടെ തീരത്ത് രൂപപ്പെടുന്നു...അറ്റ് ലാന്‍റിക് കടക്കുമ്പോൾ...ഒത്ത നടുക്ക് അണുബോംബ് ഇടുന്നു...എന്താ പറ്റില്ലേ?": ഡൊണൾഡ് ട്രംപ്

ചുഴലിക്കാറ്റിനെ ചെറുക്കാൻ അമേരിക്കൻ സൈന്യം അണുബോംബ് പ്രയോഗിക്കണമെന്ന് ഡൊണൾഡ് ട്രംപ് ഒന്നിലധികം സന്ദർഭങ്ങളിൽ നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ.

യു.എസ് വാർത്താ വെബ്‌സൈറ്റായ ആക്‌സിയോസിന്റെ റിപ്പോർട്ട് അനുസരിച്ച്, നമുക്ക് എന്തുകൊണ്ട് ചുഴലിക്കാറ്റിനെ “ന്യൂക്ക്” (അണ്വായുധ പ്രയോഗം) ചെയ്തുകൂടാ എന്ന്, ചുഴലിക്കാറ്റിന്റെ ഭീഷണിയെ കുറിച്ച് ദേശീയ സുരക്ഷാ, ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞു.

“അവ (ചുഴലിക്കാറ്റ്) ആഫ്രിക്കയുടെ തീരത്ത് രൂപം കൊള്ളാൻ തുടങ്ങുന്നു, അവ അറ്റ്ലാന്റിക് കടക്കുമ്പോൾ, ചുഴലിക്കാറ്റിന്റെ കൃത്യം നടുക്ക് ഒരു ബോംബ് ഇടുന്നു, അങ്ങനെ ചുഴലിക്കാറ്റിനെ തടസ്സപ്പെടുത്തുന്നു. എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാൻ കഴിയാത്തത്? ” ട്രംപ് ഉന്നത ഉദ്യോഗസ്ഥരോട് ചോദിച്ചതായി “ദി ഗാർഡിയൻ” റിപ്പോർട്ട് ചെയ്തു.

“ഞങ്ങൾ ഇത് പരിശോധിക്കാം,” എന്ന് ട്രംപിന് മറുപടിയായി ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി യോഗത്തിൽ പങ്കെടുത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

ട്രംപ് ഇതേ വിഷയം മറ്റൊരു അവസരത്തിലും ഉദ്യോഗസ്ഥർക്ക് മുന്നിൽ ഉന്നയിച്ചതായി ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. ഈ സംഭാഷണത്തെ പരാമർശിച്ച് “ന്യൂക്ലിയർ” എന്ന പദം 2017- ലെ ദേശീയ സുരക്ഷാ കൗൺസിൽ മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.