ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ മോഹം; ട്രംപിന് തക്ക മറുപടിയുമായി ഗ്രീന്‍ലാന്‍ഡ് വിദേശകാര്യ മന്ത്രാലയം

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡിനെ അമേരിക്കന്‍ ഐക്യനാടുകളുടെ ഭാഗമാക്കാന്‍ ആഗ്രഹിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തക്ക മറുപടിയുമായി ഗ്രീന്‍ലാന്‍ഡ് വിദേശകാര്യ മന്ത്രാലയം.

“ധാതുക്കള്‍, ഏറ്റവും ശുദ്ധമായ ജലം, സമുദ്ര വിഭവങ്ങള്‍, ഊര്‍ജ്ജം തുടങ്ങിയവ കൊണ്ട് ഗ്രീന്‍ലാന്‍ഡ് സമ്പന്നമാണ്. ഇപ്പോള്‍ സാഹസിക ടൂറിസം എന്ന മേഖലയിലേക്കും ഗ്രീന്‍ലാന്‍ഡ് കടന്നിട്ടുണ്ട്. ഞങ്ങള്‍ വ്യാപാരം ചെയ്യാന്‍ തയ്യാറാണ്, എന്നാല്‍ വില്‍പ്പനയ്ക്കില്ല” ഗ്രീന്‍ലാന്‍ഡ് വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.

ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയോടു കൂട്ടിച്ചേര്‍ക്കാനുള്ള സാദ്ധ്യതകളെ കുറിച്ചു വിദഗ്ധരോട് ട്രംപ് അഭിപ്രായം ചോദിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 85 ശതമാനവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ടു കിടക്കുന്ന ഈ ദ്വീപിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ കുറിച്ചും പ്രകൃതി വിഭവങ്ങളെ കുറിച്ചും ട്രംപ് അന്വേഷിച്ചതായും മാധ്യമമാണു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

തങ്ങള്‍ക്ക് യുഎസുമായി നല്ല ബന്ധമാണ് ഉള്ളത്. നടപടിയെ തങ്ങളുടെ രാജ്യത്തോട് യുഎസിനുള്ള അതിയായ താത്പര്യം മാത്രമായാണ് നോക്കിക്കാണുന്നതെന്ന് ഗ്രീന്‍ലാന്‍ഡ് വക്താവ് കിം കെയ്ല്‍സെന്‍ പറഞ്ഞു. വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതിനാല്‍ ഇതെകുറിച്ച് കൂടുതല്‍ പറയാന്‍ തയ്യാറല്ലെന്നും കിം പറഞ്ഞു.

അറ്റ്‌ലാന്റിക് – ആര്‍ട്ടിക് സമുദ്രങ്ങള്‍ക്കിടയില്‍ കാനഡയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഭൂരിഭാഗവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ടതാണ്. ഗ്രീന്‍ലാന്‍ഡ് 1953 മുതലാണ് ഡെന്മാര്‍ക്കിന്റെ ഭാഗമായത്.

1979-ല്‍ ആഭ്യന്തര സ്വയംഭരണം ലഭിച്ചു. 2009-ല്‍ കൂടുതല്‍ സ്വാതന്ത്ര്യം ഗ്രീന്‍ലാന്‍ഡിന് അനുവദിച്ചു കിട്ടിയെങ്കിലും വിദേശകാര്യം, സുരക്ഷ എന്നിവ ഉള്‍പ്പെടെ നയതന്ത്ര കാര്യങ്ങള്‍ ഇപ്പോഴും തീരുമാനിക്കുന്നത് ഡെന്മാര്‍ക്കാണ്.