'വാഷിങ്ടണിനെ ധിക്കരിക്കുന്നത് തുടർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും'; വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റിന് മുന്നറിയിപ്പ് നൽകി ട്രംപ്

വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്ടണിനെ ധിക്കരിക്കുന്നത് തുടർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക നടപടിയിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ശേഷമാണ് ട്രംപിന്റെ പുതിയ ഭീഷണി.

ഞായറാഴ്ച‌ രാവിലെ ഒരു മാഗസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ്, റോഡ്രിഗസിനെതിരെ പരസ്യമായിത്തന്നെ ഭീഷണി മുഴക്കിയതെന്ന് അറ്റ്ലാൻ്റിക് റിപ്പോർട്ട് ചെയ്‌തു. ‘അവർ ശരിയായ കാര്യം ചെയ്‌തില്ലെങ്കിൽ, അവർക്ക് വളരെ വലിയ വില നൽകേണ്ടി വരും, ഒരുപക്ഷേ മഡുറോയെക്കാൾ വലിയ വില.’ മഡുറോയുടെ അറസ്റ്റിലേക്ക് നയിച്ച അമേരിക്കൻ ഇടപെടലിനെ റോഡ്രിഗസ് നിരസിക്കുന്നത് താൻ സഹിക്കില്ലെന്ന് ട്രംപ് പറഞ്ഞതായും അറ്റ്ലാൻ്റിക് റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയ്ക്ക് ‘പൂർണമായ പ്രവേശനം’ റോഡ്രിഗസ് നൽകേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ‘ഞങ്ങൾക്ക് പൂർണമായ പ്രവേശനം ആവശ്യമാണ്. അവരുടെ രാജ്യത്തെ എണ്ണയിലേക്കും മറ്റ് കാര്യങ്ങളിലേക്കും ഞങ്ങൾക്ക് പ്രവേശനം ആവശ്യമാണ്. അത് അവരുടെ രാജ്യത്തെ പുനർനിർമ്മിക്കാൻ ഞങ്ങളെ സഹായിക്കുമെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയുടെ പ്രസിഡൻ്റ് നിക്കോളാസ് മഡുറോ തടവിലായതോടെയാണ് രാജ്യത്തിൻ്റെ ഇടക്കാല ഭരണച്ചുമതല വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഏറ്റെടുത്തത്.

Read more