അമേരിക്ക ഇറാനുമായി ഒരു കരാറിലെത്തുമോ അതോ സൈനിക നടപടി സ്വീകരിക്കുമോ എന്നത് അടുത്ത പത്ത് ദിവസത്തിനുള്ളിൽ ലോകം അറിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്‌ടൺ ഡിസിയിൽ നടന്ന ബോർഡ് ഓഫ് പീസിൻ്റെ ഉദ്ഘാടന യോഗത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
‘നമ്മൾ ഒരു അർഥവത്തായ കരാർ ഉണ്ടാക്കണം, അല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും’ എന്നും ഇറാൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിച്ച ട്രംപ് പറഞ്ഞു. ഇറാനുമായി വിവേകപൂർണമായ ഒരു കരാറുണ്ടാക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് വർഷങ്ങൾകൊണ്ട് തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ ആണവപദ്ധതി ഉപേക്ഷിപ്പിക്കുക ലക്ഷ്യമിട്ടുള്ള രണ്ടാംവട്ട ചർച്ച ചൊവ്വാഴ്ച ജനീവയിൽ പൂർത്തിയായിരുന്നു. ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് ഇരുപക്ഷവും പറയുന്നത്. അന്തിമകരാറിനുള്ള രൂപരേഖയുണ്ടാക്കി മൂന്നാംഘട്ട ചർച്ചയിലേക്കു പോകാനാണ് ഇരുകക്ഷികളും നിലവിൽ തീരുമാനിച്ചിരിക്കുന്നത്.







