നിലവിലെ ഗാസയിലെ അവസ്ഥ കരയിക്കുന്നത്; പ്രശ്‌നങ്ങള്‍ക്ക് കാരണം അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളുമെന്ന് വ്‌ളാഡിമര്‍ പുടിന്‍

ഇസ്രായേല്‍ ഗാസയില്‍ തുടരുന്ന ബോംബാക്രമണങ്ങളെ കുറിച്ച് വികാരാധീനനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. നിലവിലെ ഗാസയിലെ അവസ്ഥ കരയിക്കുന്നതാണെന്ന് പുടിന്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അമേരിക്കയും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളുമാണെന്നും പശ്ചിമേഷ്യയില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു വ്‌ളാഡിമര്‍ പുടിന്‍. രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുഞ്ഞുങ്ങള്‍, കുട്ടികളുടെ മൃതദേഹങ്ങള്‍, സ്ത്രീകളുടേയും പ്രായമായവരുടേയും കഷ്ടപ്പാടുകള്‍, കൊല്ലപ്പെടുന്ന ഡോക്ടര്‍മാര്‍ എന്നീ കാഴ്ചകള്‍ കാമുമ്പോള്‍ നിങ്ങളുടെ കണ്ണ് നിറയുമെന്നും പുടിന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ വൈകാരികമായി കാര്യങ്ങളെ കാണാന്‍ പാടില്ലെന്നും റഷ്യന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍ ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനായി ഗാസാ മുനമ്പില്‍ നിരന്തരം ബോംബാക്രമണം നടത്തുന്നു. യുക്രൈന്‍, ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം പ്രശ്‌നങ്ങള്‍ക്ക് കാരണം അമേരിക്കയും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളുമാണെന്നും പുടിന്‍ ആരോപിച്ചു. ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്നാണ് റഷ്യയുടെ നിലപാട്. രണ്ട് രാജ്യങ്ങള്‍ സ്ഥാപിച്ചുകൊണ്ട് ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്‌നം പരിഹരിക്കണമെന്നും പുടിന്‍ അഭിപ്രായപ്പെട്ടു.