ഹാസ്യ നടൻ ഖാഷാ സ്വാനിനെ കൊലപ്പെടുത്തിയത് താലിബാൻ ഭീകരവാദികൾ തന്നെ

അഫ്ഗാൻ പൊലീസ് ഉദ്യോഗസ്ഥനും ഹാസ്യ നടനുമായ “ഖാഷാ സ്വാൻ” എന്നറിയപ്പെടുന്ന ഫസൽ മുഹമ്മദിനെ കൊലപ്പെടുത്തിയതായി സമ്മതിച്ച് താലിബാൻ. ഖാഷാ സ്വാനിന്റെ കൊലപാതകത്തിൽ പങ്കില്ലെന്നായിരുന്നു ആദ്യം താലിബാൻ പറഞ്ഞിരുന്നത്. ഖഷാ സ്വാനിനെ കൈകൾ ബന്ധിച്ച നിലയിൽ താലിബാൻ ഭീകരവാദികൾ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഖാഷാ സ്വാൻ, തെക്കൻ കാണ്ഡഹാർ പ്രവിശ്യയിലാണ് താമസിച്ചിരുന്നതെങ്കിലും രണ്ടാഴ്ച മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു തുടർന്ന് ഇദ്ദേഹത്തെ താലിബാൻ തട്ടികൊണ്ടുപോയതായി അദ്ദേഹത്തോടൊപ്പം സേവനമനുഷ്ഠിച്ച ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

ഖാഷാ സ്വാനിന്റെ കൈകൾ പുറകിൽ കെട്ടിയിട്ട്, കാറിൽ രണ്ടുപേർക്കിടയിൽ ഇരിക്കുന്നതും ഇവർ തുടർച്ചയായി അദ്ദേഹത്തെ മർദ്ദിക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഖാഷാ സ്വാനിന്റെ മൃതദേഹം കാണിക്കുന്ന മറ്റൊരു വീഡിയോയും പിന്നീട് പുറത്തുവന്നു.

“ഖാഷാ സ്വാൻ ഒരു ഹാസ്യനടനായിരുന്നില്ല, നിരവധി യുദ്ധങ്ങളിൽ അയാൾ ഞങ്ങൾക്കെതിരെ പോരാടി ഒരുപാട് ആളുകളുടെ മരണത്തിന് ഉത്തരവാദിയായ പൊലീസുകാരനായിരുന്നു അയാൾ. ഞങ്ങൾ അയാളെ തടങ്കലിൽ വെച്ചപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു, തുടർന്ന് വെടിവച്ച് കൊലപ്പെടുത്തി,” താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് വ്യാഴാഴ്ച പറഞ്ഞു.

എന്നാൽ ഖാഷാ സ്വാൻ ഒരിക്കലും യുദ്ധത്തിൽ പങ്കെടുത്തിട്ടില്ല എന്നും ചെക്ക് പോയിന്റിലെ ഉദ്യോഗസ്ഥരെ വിനോദപ്പിക്കുന്ന ജോലിയായിരുന്നു അദ്ദേഹം പ്രധാനമായും ചെയ്തിരുന്നതെന്നും ഖാഷാ സ്വാനിനൊപ്പം പ്രവർത്തിച്ചിരുന്ന പൊലീസ് കമാൻഡർ സൈലബ് മാധ്യമങ്ങളോട് പറഞ്ഞു.

താലിബാൻ അഫ്ഗാനിസ്ഥാനെ നിയന്ത്രിച്ചിരുന്നപ്പോൾ ഒരു തരത്തിലുള്ള വിനോദവും അനുവദിച്ചിരുന്നില്ല. രാജ്യത്തുടനീളം വൻതോതിൽ അക്രമം അഴിച്ചു വിട്ടിരിക്കുകയാണ് താലിബാൻ, അതിനിടെയാണ് ഹാസ്യനടനെ കൊലപ്പെടുത്തിയിരിക്കുന്നത്.

വിദേശ സൈനികരെ പിൻവലിക്കുന്നതിന് വഴിയൊരുക്കികൊണ്ട് യു.എസുമായി കഴിഞ്ഞ വർഷം ഒരു സുപ്രധാന കരാർ ഒപ്പിട്ടതുമുതൽ, താലിബാൻ തങ്ങളുടെ ശക്തി പ്രകടിപ്പിച്ചുകൊണ്ട് അക്രമം അഴിച്ചുവിടുകയായിരുന്നു. മാധ്യമപ്രവർത്തകരും ജഡ്ജിമാരും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേരെ താലിബാൻ കൊലപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള പുലിറ്റ്‌സര്‍ ജേതാവും പത്ര ഫോട്ടോഗ്രാഫറുമായ ഡാനിഷ് സിദ്ദിഖിയെയും താലിബാൻ മനപൂര്‍വ്വം കൊലപ്പെടുത്തുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.