അഫ്ഗാനില്‍ ചാവേര്‍ ആക്രമണം; നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. അമേരിക്കന്‍ സേന അഫ്ഗാന്‍ വിട്ടശേഷം നടക്കുന്ന ഏറ്റവും മാരകമായ ചാവേര്‍ സ്‌ഫോടനമാണിത്.

കുന്ദൂസ് പ്രവിശ്യയിലെ ഷിയാ പള്ളിയിലാണ് ചാവേര്‍ സ്‌ഫോടനമുണ്ടായത്. ചാവേര്‍ ബോംബാക്രമണ സമയത്ത് വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി മുന്നൂറിലധികം പേര്‍ പള്ളിയിലുണ്ടായിരുന്നെന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

അതേസമയം, സ്ഫോടനത്തിന് പിന്നില്‍ ഐഎസ് ഭീകരരാണെന്നാണ് താലിബാന്റെ ആരോപണം. ഷിയ ആരാധാനാലയങ്ങളെ സ്ഥിരമായി ആക്രമിക്കുന്ന ഭീകര സംഘമാണ് ഐഎസ്. കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെ ടുകയും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.