അടിവസ്ത്രം മാത്രം ധരിച്ച് ഹെല്‍മറ്റ് വെച്ച മോഡലുകള്‍; ജര്‍മ്മന്‍ സര്‍ക്കാരിന്റെ പരസ്യം വിവാദത്തില്‍

ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന ആഹ്വാനത്തിനായി ജര്‍മ്മന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യം വന്‍ വിവാദത്തില്‍. അടിവസ്ത്രധാരികളായ മോഡലുകളാണ് ഹെല്‍മറ്റ് ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതാണ് വിവാദത്തിന് കാരണം.

സൈക്കിള്‍ യാത്രക്കാരെ ലക്ഷ്യമിട്ടുള്ള പരസ്യം ജര്‍മ്മനിയിലെ ഗതാഗത മന്ത്രാലയം തയ്യാറാക്കിയതാണ്. പരസ്യത്തിന്റെ ആശയം ശ്രദ്ധിക്കപ്പെടുന്നതിനാണ് ഈ മാര്‍ഗം സ്വീകരിച്ചതെന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്. അതേസമയം ധാര്‍മ്മികമായ മാര്‍ഗങ്ങളിലൂടെ തന്നെയായിരിക്കണം പരസ്യം ചെയ്യണ്ടതെന്ന വാദവുമായി വിമര്‍ശകരും രംഗത്ത് വന്നിട്ടുണ്ട്.

കണ്ടാല്‍ മോശം ലുക്കാണ് പക്ഷേ ജീവന്‍ രക്ഷിക്കപ്പെട്ടു എന്നാണ് പരസ്യവാചകം. ഈ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ജര്‍മ്മന്‍ ടെലിവിഷനിലെ പ്രശസ്തമായ ഗെയിം ഷോയിലെ താരങ്ങളാണ്. അടിവസ്ത്രധാരികളായ മോഡലുകളെ അവതരിപ്പിച്ചതിനെതിരെ വനിതാ സംഘടനകളുടെ പ്രതിഷേധവും ശക്തിപ്പെടുകയാണ്.

നഗ്നത കാട്ടിയല്ല ഹെല്‍മറ്റ് വില്‍ക്കേണ്ടതെന്നും അവര്‍ ആരോപിക്കുന്നു. സര്‍ക്കാരിനുള്ളില്‍ തന്നെ ഈ പരസ്യം വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഇതിനെതിരെ പൂര്‍ണമായും വസ്ത്രം ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു കൊണ്ടാണ് ആരോഗ്യമന്ത്രി രംഗത്തു വന്നത്. ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നതിനൊപ്പം ഹെല്‍മറ്റ് വെച്ചാല്‍ യാത്ര സുരക്ഷിതമാകുമെന്ന വാചകത്തോടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതിഷേധ പോസ്റ്റ്.