മൈനസ് 35 ഡിഗ്രി താപനിലയില്‍ 11 മണിക്കൂര്‍; ഇന്ത്യന്‍ കുടുംബത്തിന്റെ മരണം ഉള്ളുലക്കുന്നതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

യുഎസ് കാനഡ അതിര്‍ത്തിക്കു സമീപം കനേഡിയന്‍ പ്രവിശ്യയായ മാനിട്ടോബയിലെ എമേഴ്‌സനില്‍ 4 പേരടങ്ങിയ ഇന്ത്യന്‍ കുടുംബം മഞ്ഞില്‍പെട്ടു മരിച്ചത് ദാരുണമെന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. മനുഷ്യക്കടത്തിന്റെ ഇരകളാണ് ഇവരെന്നും ഇത് അവസാനിപ്പിക്കാന്‍ യുഎസുമായി ചേര്‍ന്നു സാധ്യമായതെല്ലാം ചെയ്യുംമെന്നും ട്രൂഡോ പറഞ്ഞു.

‘മനസിനെ വല്ലാതെ ഉലച്ച സംഭവമാണിത്. ഒരു കുടുംബം ഇങ്ങനെ മരിച്ചതു കാണുന്നതു ദാരുണമാണ്. അവര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണ്. മികച്ച ജീവിതം ആഗ്രഹിച്ചു ചെയ്യുന്ന സാഹസികതയാണ് ഇതിനു പിന്നില്‍. അനധികൃതമായി അതിര്‍ത്തി കടക്കരുതെന്ന് ഇതുകൊണ്ടാണ് ആളുകളോടു പറയുന്നതും നിരുത്സാഹപ്പെടുത്തുന്നതും. മനുഷ്യക്കടത്ത് അവസാനിപ്പിക്കാന്‍ യുഎസുമായി ചേര്‍ന്നു സാധ്യമായതെല്ലാം ചെയ്യും’ ട്രൂഡോ പറഞ്ഞു.

പുരുഷന്‍, സ്ത്രീ, കൗമാരപ്രായത്തിലുള്ള കുട്ടി, പിഞ്ചുകുഞ്ഞ് എന്നിവരുടെ മൃതദേഹമാണ് വ്യാഴാഴ്ച തെക്കന്‍-മധ്യ മാനിടോബയിലെ എമേഴ്‌സണ്‍ പ്രദേശത്ത് മാനിടോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് കണ്ടെത്തിയത്. മൈനസ് 35 ഡിഗ്രി താപനില നിലനില്‍ക്കുന്നിടത്തായിരുന്നു അപകടം. അതിര്‍ത്തി കടക്കാനുള്ള ശ്രമം പരാജയപ്പെടുകയും മണിക്കൂറുകളോളം കൊടുംതണുപ്പില്‍ കഴിയേണ്ടി വന്നതുമാണു കുടുംബത്തിന്റെ ദാരുണാന്ത്യത്തിലേക്കു നയിച്ചതെന്നാണു കരുതുന്നത്.

Canada's Trudeau vows action after four Indians freeze to death at US border  | World News - Hindustan Times

ജനുവരി 19ന് യു.എസ് അധികൃതര്‍ യു.എസ്/കാനഡ അതിര്‍ത്തിയില്‍ നിന്ന് യാത്ര രേഖകളില്ലാത്ത യു.എസ് പൗരനടക്കം ഏഴുപേരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരിലും ഗുജറാത്തി ഭാഷ സംസാരിക്കുന്നവരുണ്ട്. ഇവരില്‍ രണ്ടുപേരെ കൊടും തണുപ്പേറ്റ അവശതമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 മണിക്കൂറോളം തണുത്തുറഞ്ഞ സ്ഥലങ്ങളിലൂടെ നടന്നതായി സംഘത്തിലുള്ളവര്‍ പൊലീസിനോട് പറഞ്ഞു.

കാനഡയിലെ ഇന്ത്യന്‍ ഹൈകമീഷണര്‍ അജയ് ബിസാരിയ മരിച്ചവര്‍ ഗുജറാത്തികളാണെന്ന് സ്ഥിരീകരിച്ചു. കുടുംബത്തിലെ നാലുപേരാണ് മരിച്ചതെന്ന് യു.എസ് അറ്റോണി ഓഫിസും വ്യക്തമാക്കി. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം ജനുവരി 24ന് നടത്തുമെന്ന് കാനഡ അധികൃതര്‍ അറിയിച്ചു.