അനധികൃത കുടിയേറ്റക്കാര്‍ക്ക് ജയില്‍; ഇന്ത്യന്‍ പൗരത്വനിയമത്തിന്റെ മാതൃകയില്‍ നിയമവുമായി ഋഷി സുനക്; ബ്രിട്ടനില്‍ പ്രതിഷേധം

ബ്രിട്ടനിലേക്ക് എത്തുന്ന അനധികൃതമായി കുടിയേറുന്നവര്‍ക്കാരെ തള്ളി പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി കുടിയേറ്റക്കാര്‍ക്ക് ഇനി അഭയം നല്‍കില്ലെന്ന് അദേഹം വ്യക്തമാക്കി. ഇങ്ങനെ യുകെയില്‍ എത്തുന്നവരെ തങ്കടലിലാക്കും. ആഴ്ചകള്‍ക്കുള്ളില്‍ ഇവിടെനിന്ന് അവരെ മാറ്റും.

സ്വന്തം രാജ്യത്തേക്കു പോകാനാകുമെങ്കില്‍ അങ്ങോട്ടേക്കോ അല്ലെങ്കില്‍ റുവാണ്ട പോലെ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ മാറ്റും. അമേരിക്കയിലും ഓസ്‌ട്രേലിയയിലും ചെയ്യുന്നതുപോലെ പിന്നീട് യുകെയില്‍ പ്രവേശനം വിലക്കുകയും ചെയ്യുമെന്ന് അദേഹം വ്യക്തമാക്കി.

ട്വിറ്ററിലൂടെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ പൗരത്വനിയമത്തിന്റെ അതേ മാതൃകയില്‍ ബ്രിട്ടനില്‍ ‘നിയമവിരുദ്ധ കുടിയേറ്റ ബില്‍’ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ചെറു ബോട്ടുകളില്‍ ഇംഗ്ലിഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തുന്ന പ്രവണത ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നത്.

തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിന്റെ തീരത്ത് കഴിഞ്ഞ വര്‍ഷം മാത്രം 45,000ല്‍ അധികം കുടിയേറ്റക്കാരാണ് അനധികൃതമായി ബോട്ടുകളില്‍ വന്നിറങ്ങിയത്. 2018ല്‍ വന്നവരേക്കാള്‍ 60% കൂടുതല്‍പ്പേരാണ് കഴിഞ്ഞ വര്‍ഷം ഇങ്ങനെ ഇംഗ്ലണ്ടില്‍ എത്തിയത്. ഇതിനെ തടയുക എന്ന ലക്ഷ്യമിട്ടാണ് പുതിയ കരട് നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയിലേതുപോലെ തന്നെ യുകെയിലെ പുതിയ നിയമത്തിനെതിരെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.