കാശ്മീർ പ്രശ്നം പരിഹരിക്കാതെ ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ലണ്ടനിലെ പാക് സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷെഹ്ബാസ്. മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
കാശ്മീർ പ്രശ്നം പരിഹരിക്കാതെ ഇന്ത്യ-പാക് ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലായിരിക്കും. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധത്തിലൂടെ കോടിക്കണക്കിന് ഡോളർ ചെലവായി. ആ പണം പാകിസ്ഥാനിലെ ജനങ്ങളുടെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടി ഉപയോഗിക്കാമായിരുന്നുവെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
Read more
സഹകരണപരമായ അയൽക്കാരൻ എന്ന നിലയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യ പോരാട്ട മനോഭാവം സ്വീകരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “നമ്മൾ സമാധാനത്തോടെ ജീവിക്കണോ അതോ യുദ്ധം തുടരണോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം,” അദ്ദേഹം പറഞ്ഞു.







