ഭൂരിപക്ഷം നഷ്ടപ്പെട്ട് രാജപക്സെ; പുതിയ ധനമന്ത്രി സ്ഥാനമേറ്റെടുത്ത് ഒരു ദിവസത്തിന് ശേഷം രാജിവെച്ചു

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന് ശേഷം പാര്‍ലമെന്റില്‍ ഇന്ന് വീണ്ടും നടപടികള്‍ ആരംഭിച്ചപ്പോള്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഭരണസഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. രാജപക്സെ കുടുംബത്തിനെതിരായ ജനരോഷത്തിനിടെ 41 അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചു.

താന്‍ സ്ഥാനമൊഴിയില്ലെന്നും, പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ കൈമാറാന്‍ തയ്യാറാണെന്നും പ്രസിഡന്റ് രാജപക്സെ നേരത്തെ വ്യക്തമാക്കിയിരുന്നു.

ശ്രീലങ്കയുടെ പുതിയ ധനമന്ത്രിയായി ചുമതലയേറ്റ് അടുത്ത ദിവസം തന്നെ അലി സബ്രി രാജിവെച്ചു. ‘ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെങ്കിലും, രാജ്യത്തിന്റെ ഏറ്റവും മികച്ച താല്‍പ്പര്യങ്ങള്‍ക്കനുസൃതമായാണ് ഞാന്‍ എപ്പോഴും പ്രവര്‍ത്തിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു’ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഈ പ്രതിസന്ധി മറികടക്കാന്‍ ”പുതിയതും സജീവവും പാരമ്പര്യേതരവുമായ നടപടികള്‍” ആവശ്യമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഏപ്രില്‍ മൂന്നിന് താന്‍ നീതിന്യായ മന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ മറ്റൊരു പദവി ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സബ്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാവുകയാണ്. പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടേയും വസതികള്‍ക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടി. ആള്‍ക്കൂട്ടത്തെ പിരിച്ച് വിടാന്‍ കണ്ണീര്‍ വാതകം ഉള്‍പ്പടെ പ്രയോഗിച്ചു.