ദുരൂഹ മരണങ്ങളിലെ പുടിന്റെ കൈ; അലക്‌സി നവാൽനിക്ക് മുൻപേ 'നീക്കപ്പെട്ടവർ'

ജോയ്‌സ് മോടിയിൽ

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ വിമർശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നവാൽനിയുടെ മരണത്തിൽ ലോകം ഞെട്ടിയിരിക്കുകയാണ്. 48 കാരനായ അലക്‌സി നവാൽനി 19 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

അലക്സി നവൽനിക്ക് ഇന്ന് പ്രഭാത നടത്തത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് ജയിൽ അധികൃതർ പറയുന്നത്. ബോധക്ഷയം വന്ന നാവൽനിയെ പരിചരിക്കാൻ ഉടൻ ഡോക്ടർമാർ എത്തിയെങ്കിലും രക്ഷിക്കാനായില്ലെന്നും ജയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണെന്നും ജയിൽ വകുപ്പ് കുറിപ്പിലൂടെ അറിയിച്ചു.

പുടിന്റെ വിമർശകനായതിനാൽ രാഷ്ട്രീയ പ്രേരിതമായാണ് അദ്ദേഹത്തെ ജയിലിലാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ വർഷം അവസാനമാണ് ഏറ്റവും കഠിനമായ ജയിലുകളിലൊന്നായി കണക്കാക്കുന്ന ആർടിക് പീനൽ ജയിലിലേക്ക് അദേഹത്തെ മാറ്റിയത്. തന്റെ ബ്ലോഗിലൂടെ അഴിമതി വിരുദ്ധ പോരാട്ടം തുടങ്ങിയ നവൽനി വളരെ പെട്ടെന്ന് റഷ്യയിലെ പുട്ടിൻ വിരുദ്ധ രാഷ്ട്രീയ നീക്കങ്ങളുടെ കേന്ദ്രമായി മാറിയിരുന്നു.

നവൽനി പല തവണ വധശ്രമത്തെ അതിജീവിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2020 ലുണ്ടായ വധശ്രമത്തെ അതിജീവിച്ചിരുന്നു. നവൽനിയുടെ മരണം സ്ഥിരീകരിക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2018 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പുട്ടിനെതിരെ നവൽനി മത്സരിച്ചിരുന്നു. റഷ്യയിൽ പ്രസിഡന്റ് തിരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് പുടിൻ ഏറ്റവും ഭയപ്പെടുന്ന മനുഷ്യനെന്ന് വാൾസ്ട്രീറ്റ് ജേണൽ വിശേഷിപ്പിച്ച നവാൽനി മരിച്ചെന്ന വാർത്ത പുറത്തുവരുന്നത്.

വരുന്ന തെരഞ്ഞെടുപ്പിൽ പുടിന്റെ പ്രധാന എതിരാളികളിൽ ഒരാളായാണ് നവാൽനിയെ കണക്കാക്കിയിരുന്നത്. നവാൽനിയുടെ മരണം കൊലപാതകമാണെന്നുള്ള വിമർശനം ലോകത്തിന്റെ പല കോണിൽ നിന്നും ഉയർന്നിട്ടുണ്ട്. നൽവാനിയുടെ മരണത്തിന് ഉത്തരവാദി പുടിൻ ആണെന്നും ഇതിന്റെ അന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

വ്ലാദിമിർ പുടിന്റെ വിമർശകരെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് ഇത് ആദ്യമായല്ല. 1999 ൽ റഷ്യയുടെ പ്രധനമന്ത്രിയായ പുടിൻ, പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിൽ പ്രധനമന്ത്രിയായും പ്രസിഡന്റായും റഷ്യയുടെ തലപ്പത്ത് തന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ 20 വർഷത്തെ പുടിന്റെയും റഷ്യയുടെയും ചരിത്രത്തോടൊപ്പം പുടിൻ വിമർശകരുടെ ദുരൂഹ മരണങ്ങളുടെ ചരിത്രവുമുണ്ട്. പുടിന്റെ വിമർശകരിൽ 11 ഓളം പേർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. തുറങ്കിലടക്കപ്പെട്ടവരുടെയും നാട് കടത്തപ്പെട്ടവരുടെയും ചരിത്രം വേറെയുമുണ്ട്. 2004 ലാണ് ആദ്യമായി ഒരു കൊലപതകത്തിന്റെ ഉത്തരവാദിത്തം റഷ്യൻ ഭരണകൂടത്തിന് നേരെ ചൂണ്ടപ്പെടുന്നത്.

പോൾ ക്ലബ് നിക്കോവ്

2004 ൽ ഫോബ്സ് മാഗസിന്റെ റഷ്യൻ എഡിഷന്റെ എഡിറ്ററും അമേരിക്കൻ പൗരനുമായിരുന്ന പോൾ ക്ലബ് നിക്കോവിന്റെ മരണമാണ് ദുരൂഹ മരണങ്ങളിൽ ആദ്യമായി ചർച്ചയായത്. പത്ര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട റഷ്യയിൽ, ഫോബ്സ് മാഗസിനു വേണ്ടി ഭരണകൂടത്തിന്റെ അഴിമതികൾ തുറന്നു റിപ്പോർട്ട് ചെയ്ത പോൾ വെടിയേറ്റാണ് മരണപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് ഓഫീസിൽ നിന്ന് രാത്രിയിൽ ഇറങ്ങി നടക്കുന്നതിനിടെ 9 വെടിയുണ്ടകളാണ് പോളിന്റെ ശരീരത്തിൽ തറച്ചത്. പോളിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയ ആംബുലൻസിൽ ഓക്സിജൻ മെഷിനുകളോ മറ്റ് പ്രാഥമിക ശുശ്രൂഷയ്ക്കാവിശ്യമായ സംവിധാനങ്ങളോ ഇല്ലായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴയാവട്ടെ അവിടുത്തെ ലിഫ്റ്റ് സംവിധാനം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ലിഫ്റ്റിനുള്ളിൽ വെച്ചാണ് പോൾ മരണപ്പെടുന്നത്. ജീവൻ രക്ഷിക്കാനുള്ള എല്ലാ പഴുതുകളും അടച്ച് വളരെ ആസൂത്രിതമായി ഭരണകൂടം നടത്തിയ ഒരു കൊലപതകമായിരുന്നു അതെന്നാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കൊലപാതകത്തിൽ പ്രതികൾ പിടിയിലായെങ്കിലും എല്ലാവരെയും വെറുതെവിട്ടു. എന്നാൽ എന്തിനാണ് ഇവർ പോളിനെ കൊന്നതെന്നോ, കൊലപാതകത്തിന്റെ സൂത്രധാരൻ ആരെന്നോ ഉള്ള ചോദ്യങ്ങളുടെ അന്വേഷണം എങ്ങുമെത്തിയില്ല. പോൾ സത്യസന്ധത ഇല്ലാത്ത ഒരു റിപ്പോർട്ടർ ആയിരുന്നുവെന്നാണ് പോളിന്റെ മരണത്തിന് ശേഷം ഭരണകൂടത്തിനായി പുടിന്റെ സന്തത സഹചാരിയായിരുന്ന ബോറിസ് ബെറെസോവ്സ്കി പറഞ്ഞത്.

ബോറിസ് ബെറെസോവ്സ്കി

എന്നാൽ പിന്നീട് 2013 ൽ ഈ ബോറിസ് ബെറെസോവ്സ്കി കൊല്ലപ്പെടുകയുണ്ടായി. സ്വന്തം വീടിനുള്ളിലെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിലാണ് ബോറിസിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. എന്നാൽ തൂങ്ങിമരിച്ചുവെന്നായിരുന്നു പുടിൻ ഭരണകൂടം ​ലോകത്തെ അറിയിച്ചത്.

അലക്സാണ്ടർ ലിറ്റ്‌വിനെങ്കോ

മുൻ റഷ്യൻ എഫ്എസ്ബി ചാരനും പുടിൻ വിമർശകനുമായ അലക്സാണ്ടർ ലിറ്റ്‌വിനെങ്കോ കൊല്ലപ്പെടുന്നത് 2006 ലാണ്. ചായയിൽ വിഷം കലർത്തിയാണ് അലക്സാണ്ടർ ലിറ്റ്‌വിനെങ്കോയെ കൊലപ്പെടുത്തിയത്. 1999ൽ യുദ്ധവും അതെ തുടർന്നുണ്ടായ അഴിമതിയിലും അന്ന് പ്രധാനമന്ത്രിയായിരുന്ന പുടിനെതിരെ അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. അലക്‌സാണ്ടർ ലിറ്റ്‌വിനെങ്കോ ലണ്ടനിൽ രണ്ട് റഷ്യൻ ചാരന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് വിഷം കലർന്ന ചായ കുടിച്ചത്. ലിറ്റ്‌വിനെങ്കോയുടെ മരണം കൊലപാതകമാണെന്ന് പുടിൻ അംഗീകരിച്ചിരുന്നെങ്കിലും തനിക്ക് നേരെയുള്ള ആരോപണം നിഷേധിച്ചിരുന്നു.

അന്ന പൊളിറ്റ്കോവ്സ്ക

2006 മാധ്യമപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ അന്ന പൊളിറ്റ്കോവ്സ്കയ മോസ്​കോയിലെ വീടിന് പുറത്തുവെച്ച് വെടിയേറ്റു മരിച്ചത് ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. റഷ്യയിലെ പ്രമുഖ സ്വതന്ത്ര പത്രമായ നോവയ ഗസറ്റയിലെ റിപ്പോർട്ടറായ പൊളിറ്റ്കോവ്സ്ക പുടിനെ വിമർശിച്ചിരുന്നു.

സ്റ്റാനിസ്ലേവ് മാർക്കലോവ്

പുടിൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ കേസുകൾ നയിച്ചിരുന്ന അഭിഭാഷകനായ സ്റ്റാനിസ്ലേവ് മാർക്കലോവ് 2009 ലാണ് കൊല്ലപ്പെടുന്നത്. 34 കാരനായ സ്റ്റാനിസ്ലേവ് മാർക്കലോവ് ഒരു വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം മാർക്കലോവിന്റെ ജീ​വനെടുത്തത്.

ബോറിസ് നെംത്‌സോവ്

2015ൽ റഷ്യയുടെ മുൻ പ്രധാനമന്ത്രിയയായിരുന്ന ബോറിസ് നെംത്‌സോവ് മോസ്‌കോവിന്റെ മരണം റഷ്യയെ ഞെട്ടിച്ചതായിരുന്നു. മോസ്‌കോ പാലത്തിലൂടെ വീട്ടിലേക്ക് നടക്കുന്നതിനിടെ ആണ് അജ്ഞാതരുടെ വെടിയേറ്റ് ബോറിസ്‌ മരിച്ചത്. റഷ്യയിലെ പ്രതിപക്ഷ നേതാക്കളിൽ പ്രമുഖനായിരുന്നു ബോറിസ്. റഷ്യ തുടരുന്ന യുക്രയിൻ വിരുദ്ധ നിലപാടിനെതിരെ നിലകൊള്ളുകയും പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് മുൻനിരയിലുണ്ടാവുകയും ചെയ്തിരുന്ന അദ്ദേഹം പുടിന്റെ നോട്ടപ്പുള്ളിയായിരുന്നു. നെംട്സോവിന്റെ കൊലപാതകത്തിൽ അഞ്ച് പേരെ ശിക്ഷിച്ചെങ്കിലും ആരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്താനായിട്ടില്ല.

മിഖായേൽ ലെസിൻ

റഷ്യൻ വാർത്താമന്ത്രിയും പുട്ടിന്റെ ഉപദേശകനുമായിരുന്നു മിഖായേൽ ലെസിന്റെ മരണമായിരുന്നു ദുരൂഹ മരണങ്ങളിൽ അടുത്തത്. 2016 ൽ വാഷിങ്ടണിലെ​ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ക്രൂര മർദ്ദനമേറ്റതും വിഷം ഉള്ളിൽ ചെന്നതുമായിരുന്നു മരണ​കാരണമെന്നായിരുന്നു കണ്ടെത്തൽ.

പാൽ ആന്റോ

പുടിന്റെ വിമർശകനും പാർലമെന്റംഗവും വ്യവസായിയുമായിരുന്ന പാൽ ആന്റോവും സുഹൃത്തും 2022 ൽ ഇന്ത്യയിൽ വെച്ചാണ് മരിക്കുന്നത്. സഹയാത്രികനായ വ്ലാദിമർ ബിഡെനോവ് മസ്തിഷ്കാഘാതത്തെ തുടർന്ന് ഒഡീഷയിലെ ഹോട്ടലിൽ വെച്ച് ആദ്യം മരിക്കുന്നു. പിന്നാലെ അതേ ഹോട്ടലിന്റെ ജനലിൽ കൂടി പാൽ ആന്റോവ്താ ​താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.

ഡാൻ റാപോ

പുടിന്റെ വിമർശകനും വ്യവസായിയുമായിരുന്ന ഡാൻ റാപോപോർട്ടിനെ 2022 ൽ വാഷിങ്ടണിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡാൻ റാപോ യുക്രയിന് പിന്തുണ നൽകിയത്തിന് പിന്നാലെയാണ് കൊല്ലപ്പെട്ടത്.

ദിമനോവ

പോപ് ഗായകൻ ദിമനോവയെ 2023 ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ‘അക്വഡിസ്കോ’ എന്ന ഗാനത്തിൽ പുടിനെതിരെ വിമർശനം വന്നതിന് പിന്നാലെ ആയിരുന്നു പോപ് ഗായകന്റെ മരണം.

യെവ്ജെനി പ്രിഗോജിൻ

യെവ്ഗെനി പ്രിഗോഷിനാണ് ഇന്നലെ മരിച്ച അലക്സി നവാൽനിക്ക് മുന്നെ കൊല്ലപ്പെടുന്ന പ്രമുഖൻ. റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ് തലവനായിരുന്ന പ്രിഗോഷിൻ വിമാനാപകടത്തിൽ ആണ് കൊല്ലപ്പെട്ടത്. യുക്രയിൻ യുദ്ധത്തിൽ സൈന്യത്തെ വിമർശിച്ചതിന് ശേഷം 2023 ഓഗസ്റ്റിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് രണ്ട് മാസം മുൻപ് ജൂണിൽ യെവ്ജെനി പ്രിഗോജിന്റെ നേതൃത്വത്തിൽ വാഗന്ർ ഗ്രൂപ്പ് മോസ്​കോയിലേക്ക് നടത്തിയ മാർച്ച് പുടിനെ ഞെട്ടിച്ചിരുന്നു.

ആദ്യം പറഞ്ഞതുപോലെ പുടിന്റെ വിമർശകരിൽ തുറങ്കലിൽ അടയ്ക്കപ്പെട്ടവരും നാടുവിട്ട് വർഷങ്ങളായി പ്രവാസത്തിലുള്ളവരുമുണ്ട്.

വ്‌ളാഡിമിർ കാര-മുർസ

യുക്രെയ്നിലെ സൈനിക നടപടിയെയും പുടിനെയും വിമർശിച്ചതിന് പ്രതിപക്ഷ രാഷ്ട്രീയക്കാരനായ വ്‌ളാഡിമിർ കാര-മുർസയെ 2023 ഏപ്രിലിൽ 25 വർഷത്തേക്ക് ജയിലിലടച്ചു, ഇതുവരെയുള്ള ഏറ്റവും കഠിനമായ ശിക്ഷയായിരുന്നു അത്. 2015 ലും 2017 ലും രണ്ട് വിഷബാധ ശ്രമങ്ങൾ കാരണം അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി അദ്ദേഹത്തിൻ്റെ അഭിഭാഷകർ പറയുന്നു.

മിഖായേൽ ഖോഡോർകോവ്സ്കി

വർഷങ്ങളായി പ്രവാസത്തിലുള്ള പുടിൻ്റെ ഉന്നത വിമർശകരിൽ പ്രമുഖനാണ് മിഖായേൽ ഖോഡോർകോവ്സ്കി. ഭരണത്തിൻ്റെ തുടക്കത്തിൽ പുടിനെ വെല്ലുവിളിച്ചതിന് ഒരു പതിറ്റാണ്ട് ജയിലിൽ കഴിഞ്ഞയാണ് മുൻ എണ്ണ വ്യവസായിയായ മിഖായേൽ ഖോഡോർകോവ്സ്കി. 2013ൽ മോചിതനായ ശേഷം ഖോഡോർകോവ്സ്കി റഷ്യ വിട്ടു. ലണ്ടനിൽ താമസിക്കുന്ന അദ്ദേഹം പുടിനെ വിമർശിക്കുന്ന മാധ്യമ പ്രോജക്ടുകൾക്ക് ധനസഹായം നൽകിയിട്ടുണ്ട്.

ബോറിസ് അകുനിൻ

യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള വിമർശനങ്ങൾ കാരണം പ്രശസ്ത എഴുത്തുകാരനും പുടിൻ നിരൂപകനുമായ ബോറിസ് അകുനിനെ തീവ്രവാദികളുടെ പട്ടികയിൽ കഴിഞ്ഞ വർഷം ചേർത്തിരുന്നു. യൂറോപ്പിൽ സ്ഥിരതാമസമാക്കിയ ബോറിസ് അകുനിൻ, നവൽനിയുടെ മരണത്തിൽ അനുശോചനവുമായി രംഗത്ത് എത്തിയിരുന്നു. മരണം നവൽനിയെ അനശ്വരനാക്കിയെന്നും കൊല്ലപ്പെട്ട അലക്സി നവൽനി ജീവിച്ചിരിക്കുന്ന അലക്സി നവൽനിയെക്കാൾ വലിയ ഭീഷണിയായിരിക്കുമെന്നും അനുശോചിച്ച് അകുനിൻ പറഞ്ഞിരുന്നു. മരണത്തിലെ പ്രതിഷേധ സ്വരങ്ങളെ മുക്കിക്കളയാൻ, പുടിൻ രാജ്യത്ത് ഭീകരത സൃഷിട്ടിക്കുമെന്നും ബോറിസ് അകുനിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.