അമേരിക്ക-ചൈന വ്യാപാരയുദ്ധം മുറുകുന്നു; മറ്റൊരു ലോങ്ങ് മാര്‍ച്ചിന് 'ആഹ്വാനം' ചെയ്ത് ചൈനീസ് പ്രസിഡണ്ട് ഷീ

അമേരിക്കയുമായുള്ള വ്യാപാരയുദ്ധം മുറുകുന്നതിനിടെ മറ്റൊരു ലോങ്ങ് മാര്‍ച്ചിന് ജനങ്ങളെ ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിങ്. “മറ്റൊരു ലോങ്ങ് മാര്‍ച്ചിനുള്ള സമയമായി. നമുക്ക് ഒരു പുതിയ തുടക്കമിടാം”- മാവോയുടെ നേതൃത്വത്തില്‍ കര്‍ഷകരെ സംഘടിപ്പിച്ച് നടത്തിയ വിപ്ലവയാത്രയ്ക്ക് തുടക്കം കുറിച്ച ഷിയാങ്‌സി പ്രവിശ്യയില്‍ നിന്ന് ഷീ ജനങ്ങളോട് പറഞ്ഞു. ചൈനയ്‌ക്കെതിരെ ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം ചുമത്തുന്ന കടുത്ത തീരുവകളെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഷീയുടെ മുന്നറിയിപ്പ്.

ട്രംപ് ഭരണകൂടം തുടര്‍ച്ചയായി തീരുവ കൂട്ടുന്നതു മൂലം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്കന്‍ മാര്‍ക്കറ്റ് ഏതാണ്ട് പൂര്‍ണമായും നഷ്ടപ്പെടുമെന്ന സ്ഥിതിയാണ്. അമേരിക്ക ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് കടുപ്പിക്കുന്നത് ചൈനയ്ക്ക് വന്‍ വ്യാപാരനഷ്ടമുണ്ടാക്കുന്നുണ്ട്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ കൂട്ടി ചൈനയും തിരിച്ചടിക്കുന്നു. 200 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ക്ക് 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി തീരുവ ഉയര്‍ത്തി കൊണ്ടാണ് ട്രംപ് വ്യാപാരയുദ്ധം തുടങ്ങി വെച്ചത്. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി കൊണ്ട് ചൈന തിരിച്ചടിക്കുകയും ചെയ്തു. ഇത് വ്യാപാര മേഖലയില്‍ വലിയ യുദ്ധത്തിന് തന്നെ വഴി തെളിച്ചു.

ചൈനയില്‍ നിന്നുള്ള കൂടുല്‍ ഉത്പന്നങ്ങള്‍ക്ക് ജൂണ്‍ മാസത്തില്‍ തീരുവ ഉള്‍പ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനം വന്നതോടെയാണ് ജനങ്ങളോട് രണ്ടാം സാംസ്‌കാരിക വിപ്‌ളവത്തിന് ഒരുങ്ങണമെന്ന് ഷീ അഹ്വാനം ചെയ്തത്. മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്ക- ചൈന വ്യാപാര ബന്ധത്തില്‍ ഉലച്ചിലുകള്‍ തുടങ്ങിയെങ്കിലും ട്രംപ് ഭരണകൂടമാണ് കടുത്ത നടപടി തുടങ്ങിയത്.

ഭരണകൂട സൈന്യത്തിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മാവോ സേ തുങിന്റെ നേതൃത്വത്തില്‍ 1934- ല്‍ തുടങ്ങി ഒരു വര്‍ഷം നീണ്ടു നിന്ന സാസ്‌കാരിക മുന്നേറ്റമാണ് ലോങ്ങ് മാര്‍ച്ച്. 6000 കിലോമീറ്റര്‍ നീണ്ട മാര്‍ച്ചില്‍ കര്‍ഷകരും തൊഴിലാളികളുമാണ് അണി നിരന്നത്. പിന്നീട് മാവോയുടെ നേതൃത്വത്തിലുള്ള അധികാര കൈമാറ്റത്തിന് മാര്‍ച്ച് കാരണമായി.