ഇനിയൊരു ആണവയുദ്ധം കൂടി ഉണ്ടാകുമോ? സാധ്യത തള്ളിക്കളയുന്നില്ലെന്ന് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ അവസ്ഥ തുലാസിലാണെന്നും മേഖലയില്‍ ആണവ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ഖാന്‍ ജാന്‍ജുവാ. ദേശീയ സുരക്ഷയെ സംബന്ധിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജാന്‍ജുവാ.

ഇന്ത്യ അപകടകരമായ ആയുധങ്ങള്‍ ശേഖരിച്ച്  യുദ്ധത്തിന് തയ്യാറെടുത്ത് പാക്കിസ്ഥാനെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. അഫ്ഘാനിസ്ഥാനില്‍ താലിബാന്‍ വളര്‍ന്നപ്പോള്‍ അമേരിക്ക തങ്ങളുടെ പരാജയം മറച്ചു വെച്ച് പാകിസ്താനെ കുറ്റപ്പെടുത്തി.

ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്കെതിരെ ഇന്ത്യയുമായി ചേര്‍ന്ന് അമേരിക്ക ഗൂഢാലോചന നടത്തുകയാണ്. ദക്ഷിണേഷ്യയില്‍ ചൈനയുടെ സ്വാധീനം ഇല്ലാതാക്കാനാണ് അമേരിക്ക  ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്കെതിരെ  ഗൂഢാലോചന നടത്തുന്നത്.

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും അമേരിക്കയ്ക്കും ഒരേ അഭിപ്രായമാണുള്ളത്. കാശ്മീര്‍ വിഷയത്തിലും അമേരിക്ക ഇന്ത്യയ്ക്കാണ് പരിഗണന നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.