സമാധാനത്തിന് ആഹ്വാനം ചെയ്ത് മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശം; യുദ്ധത്തിന്റെ ക്രൂരതയ്ക്ക് വിമര്‍ശനം

ലോകമെമ്പാടും ജനങ്ങള്‍ പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശം. യുദ്ധത്തിന്റെ ഭീകരത അടയാളപ്പെടുത്തുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. സമാധാനത്തിന് വേണ്ടി നാം പ്രവര്‍ത്തിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഉക്രൈനിലെ യുദ്ധത്തെ അപലപിച്ച മാര്‍പ്പാപ്പ യുദ്ധത്തിന്റെ ഇരുട്ടില്‍ കഴിയുന്ന ഉക്രൈന്‍ ജനതയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രതിസന്ധിയുടെ ഈ നാളുകളില്‍ അവര്‍ക്കൊപ്പമുണ്ടെന്നും അറിയിച്ചു. ഉക്രൈനിയന്‍ ഭാഷയില്‍ ‘ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിന് ശേഷമുള്ള ആദ്യ പാതിരാകുര്‍ബാനയിലും പ്രത്യേക പ്രാര്‍ത്ഥനകളിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

Read more

സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാത്തത് കൊണ്ട് വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സാമൂഹ്യമാധ്യമത്തിലൂടെ ഈസ്റ്റര്‍ ദിനാശംസകള്‍ നേര്‍ന്നു. ഈസ്റ്റര്‍ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണ്. സമൃദ്ധിയും സമാധാനവും പുലരുന്ന നാളെയിലേയ്ക്കുള്ള യാത്രയില്‍ ഈസ്റ്ററിന്റെ സന്ദേശം നമുക്ക് പ്രചോദനമാകട്ടെ. അനീതിയും അസമത്വവും ഇല്ലായ്മ ചെയ്യാനുള്ള പോരാട്ടങ്ങള്‍ക്ക് ക്രിസ്തുവിന്റെ സ്‌നേഹവും ത്യാഗവും ഊര്‍ജ്ജം പകരും. സന്തോഷവും പ്രതീക്ഷയും സമാധാനവും നിറഞ്ഞതാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.