'എന്റെ മകളെ കടത്തി വിടൂ'; ചൈനയില്‍ കാന്‍സര്‍ ബാധിച്ച മകളുടെ ജീവനു വേണ്ടി യാചിച്ച് അമ്മ

കൊറോണ വൈറസ് പടരുന്ന ചൈനയില്‍ മറ്റു രോഗങ്ങള്‍ പിടിപെട്ടവരും ദുരിതത്തിലാണ്. വുഹാനിലും ഹുബേയിലും ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരേയും ദുരിതത്തിലാക്കിയിരിക്കുന്നു. എന്നാല്‍ യാത്രാനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് കണ്ണീരിന്റെ ബലത്തില്‍ മറികടന്നിരിക്കുകയാണ് ഒരു അമ്മയും മകളും.

ല്യൂ യുജീന്‍ എന്ന സ്ത്രീയാണ് സുരക്ഷാ ഉദ്യോഗസ്ഥരോട് കരഞ്ഞുകൊണ്ട് തന്റെ മകളുടെ ജീവനു വേണ്ടി അപേക്ഷിക്കുന്നത്. ല്യൂവിന്റെ മകള്‍ ഇരുപത്തിയാറുകാരിയായ ഹ്യൂ പിംഗിന് കാന്‍സറാണ്. ഹുബേക്ക് സമീപം ജിയുജിയാംഗ് യാംഗ്‌സേ നദിക്ക് അക്കരെയാണ് അവരുടെ താമസം. ചികിത്സയുടെ ഭാഗമായി അവള്‍ക്ക് രണ്ടാമത്തെ കീമോതെറാപ്പിക്കായി പോകാനെത്തിയതായിരുന്നു ഇരുവരും. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി രംഗത്തുള്ള പൊലീസ് കടത്തിവിടാന്‍ തയ്യാറല്ല. അവരോട് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കരഞ്ഞുപറയുകയാണ് ഈ അമ്മ.

എന്തായാലും വാര്‍ത്താ ഏജന്‍സിയുടെ ക്യാമറയില്‍ ല്യൂവും ഹ്യൂവും പതിഞ്ഞത് ഇരുവര്‍ക്കും തുണയായി. കടുംപിടുത്തവുമായി നിന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അയയുകയും ഇരുവര്‍ക്കും പോകാന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ മറ്റ് പലരുടേയും അവസ്ഥ ഇതല്ല. ഹുബേയുടെ ചുറ്റുവട്ടത്ത് താമസിക്കുന്ന എല്ലാവരും ഇതുപോലെ കടുത്ത നിയന്ത്രണങ്ങളാള്‍ വീര്‍പ്പുമുട്ടുകയാണ്. ഭക്ഷണം, ചികിത്സ, വെള്ളം, സഞ്ചാര സ്വാതന്ത്യം അങ്ങിനെ പലതും ഇവര്‍ക്കെല്ലാം നിഷേധിക്കപ്പെടുന്നു.