ഇസ്രയേലില്‍ പലസ്തീന്‍ പോരാളികള്‍ ജയില്‍ ചാടി !

ഇസ്രായേല്‍ പൊലീസിനെ ഞെട്ടിച്ചു കൊണ്ട് വടക്കന്‍ ഇസ്രായേലിലെ അതിസുരക്ഷയുള്ള ഗില്‍ബോവ ജയിലില്‍ നിന്നും ആറ് പലസ്തീനികള്‍ തടവുചാടി. ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട അഞ്ചുപേര്‍ ഇസ്രായേല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരും ഒരാള്‍ വിധി കാത്തിരിക്കുന്ന ഒരു മുഖ്യധാരാ ഫത്താഹ് പാര്‍ട്ടി മുന്‍കമാന്‍ഡറുമാണ്. സക്കറിയാ സുബൈദി, മഹ്മൂദ് അര്‍ദാഹ്, യാക്കൂബ് ഖാദിരി, മഹമ്മദ് ഖാസിം അര്‍ദാഹ്, മുനാദില്‍ യാക്കൂബ് നെഫിയാത്ത്, ഐഹാം നായിഫ് എന്നിവരാണ് ജയില്‍ ചാടിയത്.

പൊലീസും മിലിട്ടറിയും അരിച്ചുപെറുക്കിയിട്ടും യാതൊരു സൂചനയും ലഭിച്ചിട്ടില്ല. രക്ഷപ്പെട്ടവര്‍ വെസ്റ്റ്ബാങ്കിലേക്കോ ഒമ്പതുമൈല്‍ മാത്രം ദൂരമുള്ള ജോര്‍ദ്ദാനിലേക്കോ രക്ഷപ്പെട്ടിരിക്കാം എന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്‍റെ വക്താവിന്‍റെ പ്രതികരണത്തില്‍ സുരക്ഷാക്രമീകരണങ്ങളുടെ പരാജയം തെളിഞ്ഞുകാണാം. ഗാസയിലെ ജനങ്ങള്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്താണ് ഇവരുടെ രക്ഷപ്പെടല്‍ ആഘോഷിച്ചത്. ഞങ്ങളുടെ സഹോദരന്‍മാര്‍ ഗില്‍ബോവാ തടവറയില്‍ വിജയം വരിച്ചിരിക്കുന്നു. അധിനിവേശികളുടെ മുഖത്തു കൊടുത്ത പ്രഹരമാണിത്. ഖമീസ് അല്‍ ഹൈതം എന്ന സമരനേതാവ് പ്രസ്താവിച്ചു. ശുചീകരണ മുറിക്കു സമീപത്ത് കുഴിച്ച രക്ഷാമാര്‍ഗ്ഗത്തിന്‍റെ വീഡിയോ ജയിലധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

തടവുചാട്ടത്തിന്‍റെ വിശദാംശങ്ങള്‍ വിലയിരുത്തിയ പാശ്ചാത്യമാധ്യമങ്ങള്‍ ഹോളിവുഡ് സ്റ്റൈല്‍ എസ്കെയ്പ്പ് എന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്. ശുചിമുറിക്കു സമീപത്തു നിന്നും ഭൂമിക്കടിയിലൂടെ തുരങ്കം സൃഷ്ടിച്ചാണ് രക്ഷപ്പെട്ടിട്ടുള്ളത്. സമാനമായ ജയില്‍ചാടലുകള്‍ ഭയന്ന് അധികൃതര്‍ ഇപ്പോള്‍ നാനൂറോളം വരുന്ന മറ്റു തടവുകാരെ വേറെ ജയിലുകളിലേക്കയച്ചിരിക്കുകയാണ്. അപ്രകാരം കൊണ്ടുപോയവരുടെ അവസ്ഥയറിയാന്‍ തടവുകാരുടെയും മുന്‍തടവുകാരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പലസ്തീന്‍ അതോറിറ്റിയുടെ വിഭാഗത്തിന്‍റെ അഭ്യര്‍ത്ഥന പ്രകാരം റെഡ് ക്രോസ് സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. ജയിലില്‍ സ്ത്രീപുരുഷന്‍മാരായ തടവുകാര്‍ നേരിടുന്ന ക്രൂരതകളാണ് ജയില്‍ചാട്ട ശ്രമങ്ങള്‍ക്ക് കാരണമാകുന്നതെന്നും തടവു ചാടിയവര്‍ പിടിക്കപ്പെട്ടാല്‍ അവരോട് പകവീട്ടുന്ന സ്ഥിതിവിശേഷമുണ്ടാകരുതെന്നും അതോറിറ്റി ഇസ്രായേലിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.