ഏത് പ്രകോപനത്തിനും ശക്തമായി തിരിച്ചടിക്കും; ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാർ, യാചിക്കാനില്ല: പാക് വിദേശകാര്യമന്ത്രി

കശ്മീർ ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളിലും മാന്യമായും ബഹുമാനത്തോടെയും ഇന്ത്യയുമായി ഒരു സമഗ്രചര്‍ച്ചയ്ക്ക് രാജ്യം തയ്യാറാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ. ചര്‍ച്ചകള്‍ക്കുവേണ്ടി യാചിക്കാന്‍ പാകിസ്താന്‍ തയ്യാറല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലമാബാദില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക് അധീന കശ്മീരിന്റെ തിരിച്ചുവരവും ഭീകരവാദ വിഷയവും സംബന്ധിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ച നടത്തുകയുള്ളൂവെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. 2003-ൽ ജനറൽ പർവേസ് മുഷറഫ് പാകിസ്ഥാൻ ഭരിച്ചിരുന്ന കാലത്താണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രചര്‍ച്ചയ്ക്ക് തുടക്കമായത്.

ഇരു രാജ്യങ്ങൾക്കുമിടയിലുള്ള എല്ലാ തർക്കവിഷയങ്ങളെയും എട്ടുവിഭാഗങ്ങളാക്കി തിരിച്ചായിരുന്നു ചര്‍ച്ച. എന്നാല്‍ 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ ചര്‍ച്ച വഴിമുട്ടി. പിന്നീട് ഇത് പുനഃസ്ഥാപിക്കപ്പെട്ടിരുന്നില്ല.

Read more

ഇന്ത്യയുമായുള്ള സംഘർഷത്തിൽ പാകിസ്ഥാൻ സൈന്യം ആകാശത്തും കരയിലും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും ഏത് പ്രകോപനത്തിനും ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ദാർ പറഞ്ഞു. കടൽമാർഗം പോലും ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കാൻ പാകിസ്ഥാൻ തയ്യാറാണെന്നും ഇഷാഖ് ദാർ പറഞ്ഞു.