ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി പാകിസ്താന്‍ സെനറ്റര്‍മാര്‍. ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് വാഹനവും ബഹിരാകാശ സംരംഭങ്ങളുമാണ് അദ്ദേഹത്തെ ലോകത്തെ ഏറ്റവും വലിയ കോടീശ്വരനാക്കിയത്. യുഎസില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തതോടെ ട്രംപ് ഭരണകൂടത്തിലെ പ്രധാന സാന്നിധ്യവുമാണ് ലോക കോടീശ്വരന്‍. ബിസിനസ്മാന്‍ എന്നതിനപ്പുറം പുതുതായി അധികാരമേറ്റ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണത്തിലും ഭരണത്തിലും നിര്‍ണായക വ്യക്തിത്വമായ മസ്‌ക് രാഷ്ട്രീയ വ്യക്തിത്വമായി കൂടി ഉയര്‍ന്നതോടെ മുന്നിലുള്ള കടമ്പകളും ചെറുതല്ല. പാകിസ്താനില്‍ തന്റെ കമ്പനിയായ സ്റ്റാര്‍ലിങ്കിന്റെ ബഹിരാകാശ പര്യവേക്ഷണങ്ങളുടെ സേവനങ്ങള്‍ക്കായി റെഗുലേറ്ററി അംഗീകാരം തേടിയെത്തിയ മസ്‌കിന് മുന്നില്‍ പാകിസ്താനിലെ സാമാജികര്‍ വലിയൊരു ഉപാധിയാണ് വെച്ചിരിക്കുന്നത്.
മസ്‌ക് ‘പാകിസ്ഥാന്‍ വിരുദ്ധ പ്രചരണം’ നടത്തുന്നുവെന്ന് ആരോപിച്ച് നിയമനിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ ഉപരോധത്തിലേക്ക് കടക്കുമെന്നാണ് പരക്കെ സംസാരം. ഒരംഗം മസ്‌കിന് പാകിസ്താനില്‍ വ്യവസായത്തിന് കളമൊരുങ്ങണമെങ്കില്‍ പാക് ജനതയോട് മാപ്പ് പറയണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചത്. മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം പാകിസ്താനില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ട്. ഉപയോക്താക്കളെ ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്നതിന് മുമ്പ് ക്ലിയറന്‍സിനായി കാത്തിരിക്കുകയാണ്. മസ്‌കിന്റെ അപേക്ഷ പഠിക്കുന്ന ഉദ്യോഗസ്ഥരുമായി പാക് സെനറ്റര്‍മാരുടെ കമ്മിറ്റി സംസാരിക്കുകയാണ്.\
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ടെലി കമ്മ്യൂണിക്കേഷന്‍സ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് മസ്‌കിന്റെ അപേക്ഷ വിലയിരുത്തുന്നത്. ഇവരില്‍ നിന്നാണ് സാമാജികര്‍ വിശദാംശങ്ങള്‍ ചോദിച്ചറിയാനായി പ്രത്യേക കമ്മിറ്റിയുണ്ടാക്കിയത്. സെനറ്റ് കമ്മിറ്റി ബുധനാഴ്ച യോഗം ചേരുകയും മസ്‌കിന്റെ പാക് വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്യുകയും ചെയ്തു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ അടുത്തിടെ നടത്തിയ അഭിപ്രായങ്ങളില്‍ മസ്‌കിന്റെ ‘പാകിസ്ഥാന്‍ വിരുദ്ധ പ്രചരണത്തെ’ നിരവധി സെനറ്റര്‍മാര്‍ അപലപിച്ചതായി സെനറ്റ് കമ്മിറ്റി ചെയര്‍മാന്‍ പല്‍വാഷ മുഹമ്മദ് സായി ഖാന്‍ പറഞ്ഞു.
ഇംഗ്ലണ്ടിലെ വെള്ളക്കാരായ പെണ്‍കുട്ടികളുടെ നേര്‍ക്കുണ്ടായ ക്രൂരമായ പല ബലാത്സംഗക്കേസുകള്‍ക്കും ഉത്തരവാദികള്‍ പാകിസ്ഥാന്‍ വംശജരായ പുരുഷന്മാരാണെന്ന് ഇലോണ്‍ മസ്‌ക് ആവര്‍ത്തിച്ച് ചൂണ്ടിക്കാണിച്ചുവെന്നാണ് ആക്ഷേപം. മാപ്പ് പറയണമെന്ന വ്യവസ്ഥയില്‍ മസ്‌കിന്റെ കമ്പനിയ്ക്ക് അനുമതി നല്‍കാന്‍ പുടുള്ളുവെന്നാണ് ഖാനടക്കം സെനറ്റ് കമ്മിറ്റിയുടെ തീരുമാനം. ഈ ശുപാര്‍ശ സര്‍ക്കാരിന് മുന്നില്‍വെയ്ക്കുമെന്നാണ് സെനറ്റ് കമ്മിറ്റി പറയുന്നത്.
മസ്‌ക് ആരോപിച്ച പീഡന കേസുകളെ കുറിച്ച് വീണ്ടും ശക്തമായ അന്വേഷണം നടത്താന്‍ മുന്‍കൈ എടുക്കാത്തതിനെ തുടര്‍ന്ന് യുകെ സര്‍ക്കാരിനെതിരെയായിരുന്നു മസ്‌കിന്റെ പിന്നീടുള്ള കടന്നാക്രമണം. 265,000 നിവാസികളുള്ള പട്ടണമായ റോതര്‍ഹാമില്‍, 1997 മുതല്‍ 16 വര്‍ഷം കാലത്ത് ഒരു സംഘം 1,400 പെണ്‍കുട്ടികളെയെങ്കിലും മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്നാണ് 2014ല്‍ അവസാനിച്ചു ഒരു പൊതുതാല്‍പര്യ അന്വേഷണത്തില്‍ അന്വേഷണ ഏജന്‍സി കണ്ടെത്തിയത്. കേസുകളുടെ ഒരു പരമ്പര തന്നെ വിവിധ കോടതികളിലെത്തുകയും ഒടുവില്‍ ദക്ഷിണേഷ്യന്‍ വംശജരായ ഡസന്‍ കണക്കിന് പുരുഷന്മാരെ കോടതികള്‍ ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇക്കൂട്ടരുടെ ചൂഷണത്തിനും ആക്രമണത്തിനും ഇരയായവര്‍ കൂടുതലും ദുര്‍ബലരായ വെള്ളക്കാരായ പെണ്‍കുട്ടികളായിരുന്നു.
ഈ സംഭവമാണ് ഇലോണ്‍ മസ്‌ക് തന്റെ എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവെച്ചത്. ഇന്ത്യന്‍ വംശജനായ ഒരു സാമാജികന്‍ ഇതുമായി ബന്ധപ്പെട്ടു നടത്തിയ ഒരു പരാമര്‍ശം മസ്‌ക് പിന്തുണയ്ക്കുകയും ചെയ്തു. ആ പരാമര്‍ശം ഇങ്ങനെയായിരുന്നു.
ആ കുറ്റവാളികള്‍ ഏഷ്യക്കാരുടെ സംഘങ്ങളല്ല, പാകിസ്ഥാനില്‍ നിന്നുള്ള സംഘങ്ങളാണ്. എന്തിന് ഏഷ്യക്കാര്‍ ഒരു സമ്പൂര്‍ണ ‘തെമ്മാടി രാഷ്ട്ര’ത്തിന്റെ അധപതനത്തിന്റെ പാപം ഏറ്റെടുക്കണം.
ഒറ്റ ഒരു രാജ്യത്തെ ആളുകള്‍ ചെയ്തുകൂട്ടിയ വൃത്തികേടുകള്‍ ഏഷ്യക്കാര്‍ ഒന്നടങ്കം ഏറ്റെടുക്കേണ്ടതിന്റെ ബാധ്യത എന്തെന്ന ചോദ്യത്തിന് അത് തീര്‍ത്തു ശരിയായ ചോദ്യമാണെന്ന് മസ്‌ക് പ്രതികരിക്കുകയുണ്ടായി. ഒരു രാജ്യത്തിലെ ആളുകളുടെ ചെയ്തിയ്ക്ക് ഏഷ്യക്കാരെ ഒന്നടങ്കം പറയേണ്ടതില്ലെന്നായിരുന്നു മസ്‌കിന്റെ നിലപാട്. ഇതാണ് പാകിസ്താനിലെ സെനറ്റര്‍മാരെ മസ്‌കിനെതിരെ തിരിച്ചത്.