തടവിലാക്കിയവരെ ഉടന്‍ മോചിപ്പിക്കണം; അതുവരെ വെള്ളവും വെളിച്ചവും തരില്ല; മാനുഷികമായ ഇളവെന്ന ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ദേശം തള്ളി ഇസ്രയേല്‍

ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും വിട്ടയച്ചാലെ ഗാസമുനമ്പിലെ ഉപരോധത്തില്‍ മാനുഷികമായ ഇളവ് അനുവദിക്കുവെന്ന് ഇസ്രയേല്‍. തടവിലാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ ഗാസയില്‍ ഒരു തുള്ളി വെള്ളവും ഒരിറ്റു വെളിച്ചവുമുണ്ടാകില്ലെന്ന് ഇസ്രയേല്‍ ഊര്‍ജമന്ത്രി പറഞ്ഞു. ഗാസയില്‍ ബന്ദികളാക്കപ്പെട്ട 97 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ കൈമാറണം. അല്ലെങ്കില്‍ ഇസ്രയേല്‍ കരയുദ്ധത്തിന് ഇറങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നും അദേഹം പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ദേശം തള്ളിയാണ് ഇസ്രയേല്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ബന്ദികളാക്കിയവരെ വിട്ടുനല്‍കുന്നതുവരെ ഗാസയിലേയ്ക്കുള്ള വെള്ളവും വൈദ്യുതിയും ഉള്‍പ്പടെ എല്ലാം ഉപരോധിക്കുമെന്നും ആരും മാനുഷീകതയെപ്പറ്റി സംസാരിക്കാന്‍ വരേണ്ടന്നും ഇസ്രയേല്‍ വ്യക്തമാക്കി.

ഗാസയിലെ ആശുപത്രികളില്‍ ജനറേറ്ററുകള്‍ക്കു വേണ്ട ഇന്ധനമെങ്കിലും ലഭ്യമാക്കണമെന്ന റെഡ്‌ക്രോസിന്റെ അഭ്യര്‍ഥനയും ഇസ്രയേല്‍ തള്ളി. വൈദ്യുതിയില്ലാത്ത സ്ഥിതി തുടര്‍ന്നാല്‍ പരുക്കേറ്റവരെക്കൊണ്ടു നിറഞ്ഞ ആശുപത്രികള്‍ മോര്‍ച്ചറികളായി മാറുമെന്നു റെഡ് ക്രോസ് മുന്നറിയിപ്പു നല്‍കി.

ഹമാസ് ആക്രമണത്തിനു തിരിച്ചടിയായാണു ഗാസ മുനമ്പിലേക്കുള്ള വൈദ്യുതി, ഭക്ഷണം, ഇന്ധനം എന്നിവയുടെ വിതരണം ഇസ്രയേല്‍ തിങ്കളാഴ്ച മുതല്‍ തടഞ്ഞത്. ഗാസയിലെ ഏക വൈദ്യുതിനിലയം ഇന്ധനമില്ലാത്തതിനാല്‍ ബുധനാഴ്ച പ്രവര്‍ത്തനം നിര്‍ത്തി.

Read more

ഗാസ-ഈജിപ്ത് അതിര്‍ത്തിയിലെ റഫാ കവാടത്തിലൂടെ പലസ്തീന്‍കാര്‍ക്കു ഭക്ഷണവും മരുന്നുമടക്കമുള്ള സഹായമെത്തിക്കാനായി അയല്‍രാജ്യമായ ഈജിപ്ത് ഇസ്രയേലും യുഎസുമായി ചര്‍ച്ച ഊര്‍ജിതമാക്കി. രാജ്യാന്തര സഹായങ്ങളും ഈജിപ്ത് വഴിയാണു വരേണ്ടത്. ഉപരോധത്തില്‍ ഇളവു ലഭിക്കാതെ ഇവയും ഗാസയിലേക്ക് എത്തില്ല. ഐഎസിനെതകര്‍ത്തതുപോലെ ഹമാസിനെയും തകര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞതിന് പിന്നാലെയാണ് സൈന്യം നടപടികള്‍ ശക്തമാക്കിയത്.