'പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്'; ധാന്യക്കയറ്റുമതിയുമായി ബന്ധപ്പെട്ട തര്‍ക്കം; സെലന്‍സ്‌കിയെ വിമര്‍ശിച്ച് പോളിഷ് പ്രധാനമന്ത്രി

യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കിയെ വിമര്‍ശിച്ച് പോളിഷ് പ്രധാനമന്ത്രി മത്തേയൂഷ്. ധാന്യക്കയറ്റുമതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് വ്‌ലാഡിമര്‍ സെലന്‍സ്‌കിയ്ക്ക് വിമര്‍ശനം. കഴിഞ്ഞ ദിവസം നടന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ പോളണ്ടിനെതിരെ സെലന്‍സ്‌കി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മത്തേയൂഷ് രംഗത്തെത്തിയത്.

പോളണ്ടിനെപ്പറ്റി അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുതെന്നും തങ്ങളുടെ ജനത ഇത് അനുവദിക്കില്ലെന്നും പോളിഷ് പ്രധാനമന്ത്രി മത്തേയൂഷ് മുന്നറിയിപ്പ് നല്‍കി. യുക്രൈനില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ധാന്യം ഇറക്കുമതി ചെയ്യുന്നത് സാധാരണക്കാരായ കര്‍ഷകരെ ബാധിക്കുന്നതിനാല്‍ ഇറക്കുമതിക്ക് പോളണ്ട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ പോളണ്ട് മധ്യസ്ഥത വഹിച്ചിരുന്നു.

കൂടാതെ യുക്രൈന് യുദ്ധത്തില്‍ പിന്തുണയും നല്‍കിയിരുന്ന രാജ്യമാണ് പോളണ്ട്. ധാന്യ ഇറക്കുമതിയില്‍ നടക്കുന്ന നാടകീയ നീക്കങ്ങള്‍ റഷ്യയെ സഹായിക്കാനാണെന്നാണ് സെലന്‍സ്‌കി ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ചത്. തുടര്‍ന്ന് ധാന്യ ഇറക്കുമതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നത് പോളണ്ട് നിറുത്തിവച്ചു.