മാ വിജയപ്രിയ മുന്നോട്ടുവെച്ച എല്ലാ നിര്‍ദേശങ്ങളും തള്ളി; ലഘുലേഖ വിതരണം ചെയ്യാനുള്ള ശ്രമം തടഞ്ഞു; വിവാദത്തില്‍ വിശദീകരണവുമായി യുഎന്‍

ആള്‍ദൈവം ചമഞ്ഞ് സ്വന്തം രാജ്യം പ്രഖ്യാപിച്ച നിത്യാനന്ദയെ തള്ളി യുഎന്‍. നിത്യാനന്ദയുടെ പ്രതിനിധി ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി യുഎന്‍ രംഗത്തെത്തിയിരിക്കുന്നത്.

ജനീവയില്‍നടന്ന യോഗത്തില്‍ പങ്കെടുത്ത നിത്യാനന്ദയുടെ പ്രതിനിധിയായ മാ വിജയപ്രിയ നിത്യാനന്ദ മുന്നോട്ട് വെച്ച് എല്ലാ നിര്‍ദേശങ്ങളും സഭതള്ളി. പ്രതിനിധിയുടെ നിര്‍ദേശങ്ങള്‍ സമ്മേളനത്തിന്റെ അന്തിമരേഖയിലുണ്ടാവില്ല. പൊതുജനങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും പങ്കെടുക്കാവുന്ന പൊതുപരിപാടിയിലാണ് നിത്യാനന്ദയുടെ പ്രതിനിധി പങ്കെടുത്തത്.

അവര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രസക്തമാണ്. യോഗത്തില്‍ ലഘുലേഖകള്‍ വിതരണംചെയ്യാനുള്ള പ്രതിനിധിയുടെ ശ്രമം തടഞ്ഞിരുന്നുവെന്നും യു.എന്‍. വക്താവ് അറിയിച്ചു. ഫെബ്രുവരി 22-നും 24-നുമായി രണ്ടുയോഗങ്ങളിലാണ് നിത്യാനന്ദയുടെ പ്രതിനിധി പങ്കെടുത്തത്. ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ജൂലിയ ഗിലര്‍ഡ്, മനുഷ്യാവകാശപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ വിജയപ്രിയ ചോദ്യങ്ങള്‍ ചോദിച്ചിട്ടുമുണ്ട്.

ഇവര്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യു.എന്‍. വിശദീകരണവുമായി എത്തിയത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി നിത്യാനന്ദ 2019 നവംബറിലാണ് ഇന്ത്യയില്‍നിന്ന് മുങ്ങി ഇക്വഡോറിനുസമീപമുള്ള ദ്വീപില്‍ സ്വന്തം രാജ്യം പ്രഖ്യാപിച്ചത്.