ഒരു ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തു, അയല്‍രാജ്യങ്ങളോട് അതിര്‍ത്തികള്‍ തുറന്നിടാന്‍ യു.എന്‍

ഉക്രൈനില്‍ റഷ്യന്‍ അധിനിവേശം രൂക്ഷമാകുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ റഷ്യ ഉക്രൈനില്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഒരു ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തതായി യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി അറിയിച്ചു. വീടുകള്‍ ഉപേക്ഷിച്ച് ആയിരക്കണക്കിന് ആളുകളാണ് രാജ്യ വിടുന്നത്.

”ഏകദേശം 100,000 ആളുകള്‍ ഇതിനകം വീടുകള്‍ ഉപേക്ഷിച്ച് രാജ്യത്തിനകത്ത് തന്നെ പലായനം ചെയ്തിരിക്കാം, ആയിരക്കണക്കിന് ആളുകള്‍ അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടന്നിട്ടുണ്ട്.” യു.എന്‍.എച്ച്.സി.ആര്‍ വക്താവ് ഷാബിയ മണ്ടൂ എ.എഫ്.പിയോട് പറഞ്ഞു.

ഉക്രൈനിലുടനീളം സൈനിക ആക്രമണങ്ങള്‍ തുടരുകയാണ്. സ്ഥിതിഗതികള്‍ അതിവേഗം വഷളാകുന്ന സാഹചര്യത്തില്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷയും അഭയവും തേടുന്നവര്‍ക്കായി അതിര്‍ത്തികള്‍ തുറന്നിടാന്‍ അയല്‍രാജ്യങ്ങളോട് യു.എന്‍ ആവശ്യപ്പെട്ടു.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും, ഉക്രൈനിലും അയല്‍ രാജ്യങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണെന്നും യു.എന്‍ അറിയിച്ചു.

ഉക്രൈനില്‍ റഷ്യയുടെ ആക്രമണം ഇന്നലെ രാത്രിയിലും തുടര്‍ന്നിരുന്നു. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. കീവ് പിടിച്ചെടുക്കനുള്ള റഷ്യന്‍ സേനയുടെ മുന്നേറ്റം നടക്കുകയാണ്. കീവ് മേഖലയില്‍ റഷ്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. രണ്ട് ഉഗ്ര സ്‌ഫോടനങ്ങളാണ് കീവില്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്നലത്തെ ആക്രമണത്തില്‍ ഏകദേശം 137 പേര്‍ കൊല്ലപ്പെട്ടതായാണ് ഉക്രൈന്‍ അറിയിച്ചത്. സൈനികര്‍ ഉള്‍പ്പടെയാണ് മരണപ്പെട്ടത്. ആദ്യ ദിനത്തിലെ സൈനിക നടപടികള്‍ വിജയകരമെന്ന് റഷ്യന്‍ സൈന്യം അറിയിച്ചു. ഉക്രൈന്റെ സൈനിക താവളങ്ങള്‍ ഉള്‍പ്പടെ റഷ്യ തകര്‍ത്തിരുന്നു.

വിമാനത്താവളങ്ങളിലടക്കം 203 കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. 14 ഉക്രൈന്‍ നഗരങ്ങളില്‍ കനത്ത് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ബങ്കറുകളിലടക്കം അഭയം പ്രാപിക്കുകയാണ് ജനങ്ങള്‍.