'ഉക്രൈന്‍- റഷ്യ സമാധാന ചര്‍ച്ചയ്ക്ക് ഇന്ത്യന്‍ മദ്ധ്യസ്ഥത?' സെലന്‍സ്‌കിയ്ക്ക് പിന്നാലെ പുടിനുമായി മോദിയുടെ ചര്‍ച്ച

ഉക്രൈന്‍- റഷ്യ യുദ്ധം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും ചര്‍ച്ച നടത്തും. ഉക്രൈനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി മോദി ഇന്ന് രാവിലെ ഫോണില്‍ സംസാരിച്ചിരുന്നു.  റഷ്യ- ഉക്രൈന്‍ മൂന്നാം ഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കാനിരിക്കെയാണ്  മോദി ഇന്ന് ഇരു രാഷ്ട്രങ്ങളുടേയും നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്.

ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നത് അടക്കമുള്ള നടപടികളും പുരോഗമിക്കുകയാണ്.

നേരത്തെ റഷ്യ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഇന്ത്യയുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് സെലന്‍സ്‌കി മോദിയെ വിളിച്ചിരുന്നു. യു.എന്‍ രക്ഷാസമിതിയില്‍ രാഷ്ട്രീയ പിന്തുണ നല്‍കാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ റഷ്യയ്‌ക്കോ ഉക്രൈനോ അനുകൂലമായി നില്‍ക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു. സംഘര്‍ഷ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിലാണ് തങ്ങളുടെ ശ്രദ്ധയെന്നും നിലവിലെ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം തേടാന്‍ റഷ്യയോടും ഉക്രൈനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് ഇന്ത്യ ആവര്‍ത്തിച്ചത്.

ഉക്രൈനിലെ റഷ്യയുടെ അധിനിവേശത്തിന്റെ ഫലമായി ഒരു സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷനെ അടിയന്തരമായി സ്ഥാപിക്കാന്‍ തീരുമാനിച്ച യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലെ വോട്ടെടുപ്പില്‍ നിന്ന് മാര്‍ച്ച് 4 ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നേരത്തെ രണ്ട് തവണ സംസാരിച്ചിരുന്നു. ഉക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ സുരക്ഷിത പാത ഒരുക്കുമെന്ന് റഷ്യ ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു.

നിലവില്‍ പ്രതിസന്ധി രൂക്ഷമായിരിക്കെ പുടിനും സെലന്‍സ്‌കിയുമായുള്ള ചര്‍ച്ചയില്‍ യുദ്ധവും വെടി നിര്‍ത്തലും പ്രഖ്യാപിക്കുന്നത് അടക്കമുള്ള ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.