'സുമിയിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കണം', സെലന്‍സ്‌കിയോട് സഹായം തേടി മോദി

ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമില്‍ സെലന്‍സ്‌കിയുമായി പ്രധാന മന്ത്രി നരേന്ദ് മോദി ഫോണില്‍ സംസാരിച്ചു. റഷ്യന്‍ അധിനിവശം ശക്തമായ ഉക്രൈനിലെ സുമിയില്‍ ഉള്‍പ്പടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ മോദി പിന്തുണ ആവശ്യപ്പെട്ടു. സുമിയില്‍ ഏകദേശം 700 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഉക്രൈനിലെ സ്ഥിതിഗതികളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. 35 മിനിറ്റോളം ഫോണ്‍ സംഭാഷണം നീണ്ടു.

ഉക്രൈനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രി ഉത്കണ്ഠ പ്രകടിപ്പിച്ചു. അക്രമം ഉടന്‍ അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാനും, ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തണമെന്നുമാണ് മോദി വ്യക്തമാക്കിയത്.

രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി ഉക്രൈന്‍ പ്രസിഡന്റുമായി സംസാരിക്കുന്നത്. റഷ്യ ഉക്രൈന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ഫെബ്രുവരി 26 ന് സംസാരിച്ചിരുന്നു. റഷ്യയുടെ ആക്രമണത്തെ അപലപിക്കാനുള്ള യു.എന്‍ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെ തുടര്‍ന്നായിരുന്നു സെലന്‍സ്‌കിയുമായി സംസാരിച്ചത്.

അതേസമയം ഉക്രൈനിലെ നാല് നഗരങ്ങളില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്ന സൂമിയിലും ഖര്‍കീവിലും ഉള്‍പ്പെടെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കീവിലും മരിയുപോളിലും അടക്കം സാധാരണക്കാരെ യുദ്ധമുഖത്തുനിന്ന് ഒഴിപ്പിക്കാന്‍ മനുഷ്യത്വ ഇടനാഴി ഒരുക്കും.