സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധം; പുതിയ നിര്‍ദ്ദേശവുമായി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കി ഉത്തരവിറക്കി താലിബാന്‍ ഭരണകൂടം. ഇനിമുതല്‍ മുഖം മറയ്ക്കുന്ന മത വേഷം ധരിച്ച് മാത്രമേ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങാവൂ എന്ന് താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുല്ല അകുന്‍സാദ ഉത്തരവിട്ടു. താലിബാന്‍ അധികാരത്തില്‍ വന്നതോടെ പെണ്‍കുട്ടികളുടെ പഠനത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെയാണ് സഞ്ചാര സ്വാതന്ത്ര്യം അടക്കം വിലക്കുന്ന പുതിയ ഉത്തരവ്.

മുഖം മൂടാതെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ രക്ഷിതാക്കള്‍ ശിക്ഷിക്കപ്പെടുമെന്നും ഉത്തരവില്‍ പറയുന്നു. താലിബാന്‍ ഏറ്റെടുക്കുന്നതിന് മുമ്പ്, കാബൂള്‍ ഉള്‍പ്പെടെ രാജ്യത്തെ ചില പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നത് പതിവായിരുന്നു. എഎഫ്പി വാര്‍ത്താ ഏജന്‍സി പറയുന്നതനുസരിച്ച്, അഫ്ഗാനിസ്ഥാനിലെ ഏറ്റവും പുരോഗമന നഗരമായ ഹെറാത്തില്‍ പോലും സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്താന്‍ ഡ്രൈവിംഗ് പരിശീലകരോട് താലിബാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈസന്‍സ് നല്‍കുന്നത് നിര്‍ത്താന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഹെറാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാഫിക് മാനേജ്മെന്റ് മേധാവി ജാന്‍ അഗ അചക്സായി പറഞ്ഞു.

അടുത്തിടെ ഇറക്കിയ ഉത്തരവില്‍, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ആറാം ക്ലാസിന് മുകളിലുള്ള ക്ലാസ്സുകളില്‍ പെണ്‍കുട്ടികളെ വിലക്കിയിരുന്നു. അധ്യാപകരുടെ കുറവു കാരണമാണ് ഈ നീക്കമെന്നും ആറാം ക്ലാസ്സ് കഴിഞ്ഞും പഠിക്കാനുള്ള പെണ്‍കുട്ടികളുടെ അവകാശം ഉടന്‍ തിരികെ കൊണ്ടുവരുമെന്നും താലിബാന്‍ നേതാക്കള്‍ പിന്നീട് പറയുകയുണ്ടായി.

Read more

താലിബാന്‍ കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍, 1996-2001 കാലഘട്ടത്തില്‍ അവര്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കില്ലെന്ന് വാഗ്ദ്ധാനം ചെയ്തിരുന്നു. എന്നാല്‍, ദിവസം കഴിയുന്തോറും ഇത് വെറും വാക്കായിരുന്നുവെന്നതാണ് പുറത്തുവരുന്ന വസ്തുത.