'ഞങ്ങൾ ചെറിയ രാഷ്ട്രമായിരിക്കാം. പക്ഷേ ആർക്കും ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് നൽകുന്നില്ല' ; മാലിദ്വീപ് പ്രസിഡന്റ്

ചൈന സന്ദർശനത്തിനുശേഷം മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു നടത്തിയ പ്രതികരണം ഇപ്പോൾ ചർച്ചയാകുകയാണ്.തങ്ങളെ ഭീഷണിപ്പെടുത്താൻ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് മൊഹമ്മദ് മൊയ്സു പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവനയെന്നതാണ് ശ്രദ്ധേയം.ഞങ്ങൾ ചെറിയ രാഷ്ട്രമായിരിക്കാം. പക്ഷേ ആർക്കും ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് നൽകുന്നില്ലെന്ന് മൊയ്സു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അഞ്ച് ദിവസം നീണ്ട ചൈന സന്ദർശനത്തിന് ശേഷമാണ് മെയ്സുവിന്റെ പ്രതികരണം.പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായ മാലിദ്വീപിലെ മന്ത്രിമാരുടെ പരാമർശം വൻ വിവാദം സൃഷ്ടിച്ചിരുന്നു. യതന്ത്ര പ്രശ്നങ്ങളുടെ തുടർച്ചയായി ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ മാലിദ്വീപിലേക്കു കൂടുതൽ സഞ്ചാരികളെ അയയ്ക്കാൻ ചൈനയോട് മുഹമ്മദ് മുയിസു അഭ്യർഥിച്ചിരുന്നു.

മാലിദ്വീപിലെ പുതിയ സർക്കാർ ഇന്ത്യയുമായി അകന്ന്, ചൈനയുമായി അടുക്കാൻ ശ്രമിക്കുന്നുവെന്ന സൂചനകൾക്കിടെയായിരുന്നു പുതിയ വിവാദം. അതേസമയം ടൂറിസം സഹകരണം, ദുരന്തസാധ്യത കുറയ്ക്കൽ, ബ്ലൂ ഇക്കോണമി, ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ നിക്ഷേപം ശക്തിപ്പെടുത്തൽ തുടങ്ങി 20ഓളം സുപ്രധാന കരാറുകളിൽ മാലിദ്വീപും ചൈനയും ഒപ്പുവച്ചിരുന്നു.മാലിദ്വീപിന് ചൈന ഗ്രാന്റ് സഹായം നൽകാനും ധാരണയായിരുന്നു.