ഓപ്പറേഷൻ സിന്ദൂറിൽ തകരിപ്പണമായ ലഷ്കറെ തയിബയുടെ ആസ്ഥാനം മുൻപത്തേക്കാളും വലുതായി പണിയും: ലഷ്കറെ കമാൻഡർ

ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടി നേരിട്ടെന്ന് സമ്മതിച്ച് ലഷ്കറെ തയിബയും. ലഷ്കറെ തയിബയുടെ ആസ്ഥാനം മുദ്രികയിലെ മർകസ് തയിബ ഓപ്പറേഷൻ സിന്ദൂറിൽ തകർന്നെന്ന് ലഷ്കറെ കമാൻഡർ ഖാസിം സമ്മതിച്ചു. മുദ്രികയിലെ തകർന്ന ഭീകരകേന്ദ്രത്തിനു മുന്നിൽനിന്ന് ഖാസിം സംസാരിക്കുന്ന വീഡിയോ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു.

‘ആക്രമണത്തിൽ തകർന്ന, മുദ്രികയിലെ മർകസ് തയിബയുടെ അവശിഷ്ടങ്ങൾക്കു മുന്നിലാണ് ഞാൻ നിൽക്കുന്നത്. പുനർനിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ദൈവാനുഗ്രഹത്താൽ കെട്ടിടം നേരത്തെയുണ്ടായിരുന്നതിലും വലുതായി പണിയും’–ഖാസിം വീഡിയോയിൽ പറയുന്നു.

തകർക്കപ്പെട്ട കെട്ടിടങ്ങൾ ഭീകരസംഘടനകൾ ഉപയോഗിക്കുന്നില്ലെന്നു പാകിസ്ഥാൻ അവകാശപ്പെടുന്നതിനിടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ശൈഖുപുര ജില്ലയിലാണ് മുദ്രിക. ഒട്ടേറെ ഭീകരർക്ക് മർകസ് തയിബയിൽനിന്ന് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.

Read more

അതേസമയം, മുദ്രികയിലെ ലഷ്കറെ ആസ്ഥാനം പുനർനിർമിക്കാൻ പാക് സർക്കാരും സൈന്യവും സഹായം നൽകുന്നുണ്ടെന്നു വ്യക്തമാക്കുന്ന ലഷ്കറെ തയ്ബ ഡപ്യൂട്ടി ചീഫ് സെയ്ഫുല്ല കസൂരിയുടെ പ്രസംഗവും പുറത്തുവന്നിട്ടുണ്ട്.