കിം ജോങ് ഉന്‍ വൊന്‍സാനിലെ ആഡംബര വില്ലയിലോ?; ചിത്രങ്ങള്‍ ഒപ്പിയെടുത്ത് ഉപഗ്രഹക്കണ്ണുകള്‍

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വൊന്‍സാനിലെ ആഡംബര വില്ലയില്‍ ഉണ്ടെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം കിമ്മിന്റെ ആരോഗ്യം മോശമായെന്ന റിപ്പോര്‍ട്ടിനിടെയാണ് വൊന്‍സാനില്‍ കടലോര റിസോര്‍ട്ടിനടുത്ത് ആഡംബര ഉല്ലാസനൗകകളുടെ നീക്കം ശ്രദ്ധയില്‍ പെട്ടത്.

കൊറോണ വൈറസില്‍ നിന്നും രക്ഷപ്പെടാനായാണ് കിം ജോങ് ഉന്‍ വോന്‍സനിലേക്ക് മാറിയതെന്നാണ് ദക്ഷിണ കൊറിയയിലെയും യുഎസ്സിലെയും അധികൃതര്‍ പറയുന്നത്. കിമ്മിന്റെ ആരോഗ്യവും, എവിടെയുണ്ടെന്നുള്ള വിവരവും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്നും വിശ്വസനീയമായ വിവരങ്ങള്‍ ഉത്തര കൊറിയയില്‍ ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്നും അവര്‍ പറയുന്നു.

രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുള്ള വൊന്‍സാനിലെ കിമ്മിന്റെ കടല്‍ത്തീര സൗധം ഗസ്റ്റ് വില്ലകളാല്‍ നിറഞ്ഞതാണ്. കൂടാതെ സ്വകാര്യ ബീച്ച്, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട്, പ്രൈവറ്റ് ട്രെയിന്‍ സ്റ്റേഷന്‍ എന്നിവയും ഇവിടെയുളളതായി സാറ്റ് ലൈറ്റ് ചിത്രങ്ങളെ ആസ്പദമാക്കി വിദഗ്ധര്‍ പറയുന്നു. വൊന്‍സാന്‍ കിമ്മിന്റെ ജനനസ്ഥലമാണെന്നാണ് ചിലരുടെ വാദം. എന്നാല്‍ കിം എവിടെയാണ് ജനിച്ചത് എന്നതിന് ഔദ്യോഗിക രേഖകളൊന്നും ഇല്ല.