ബോധം തെളിയാത്ത അവസ്ഥ, കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലെന്ന്  റിപ്പോര്‍ട്ട്‌

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിമ്മിന് ബോധം തെളിഞ്ഞിട്ടില്ലെന്നാണ് ജപ്പാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കിംമ്മിൻറെ  തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായിട്ടില്ലെന്നാണ് വിവരം.

ഉണര്‍ന്നിരിക്കുകയാണെങ്കിലും ബോധം വന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിമ്മിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോഴും ഇതുവരെ ഔദ്യോഗിക വിശദീകരണവുമായി ഉത്തരകൊറിയ രംഗത്തെത്തിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ചൈനീസ് സര്‍ക്കാര്‍ അയച്ച മെഡിക്കല്‍ സംഘം കിമ്മിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഉത്തരകൊറിയയിലെത്തിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിദേശകാര്യ ചുമതലയുള്ള മുതിര്‍ന്ന നേതാവിന്റെ നേതൃത്വത്തിലാണ് വിദഗ്ദ സംഘം ഉത്തരകൊറിയയിലെത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രില്‍ 11നാണ് കിം അവസാനമായി പൊതുവേദിയില്‍ എത്തിയത്. രാജ്യത്തെ പ്രധാന ദിവസമായ മുത്തച്ഛന്റെ ജന്മദിനാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യമാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥതിയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കാരണമായത്.

അതേസമയം, കിമ്മിന്റെ ആരോഗ്യവാര്‍ത്തകള്‍ അമേരിക്കന്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അമേരിക്കന്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തള്ളിയിരുന്നു.