അഭ്യൂഹങ്ങള്‍ തള്ളി ഉത്തരകൊറിയ; കിം ജോങ് ഉൻ പൊതുചടങ്ങില്‍ പങ്കെടുത്തതായി ഔദ്യോഗിക മാധ്യമം

കിം ജോങിന്റെ ആരോഗ്യനില സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ നിലനിൽക്കെ നീണ്ട 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഒരു പൊതുചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്. പ്യോംഗ് യാംഗിലെ വളം നിർമാണ വ്യവസായ കേന്ദ്രം കിം ജോങ് ഉദ്ഘാടനം ചെയ്തതായി കൊറിയൻ സെൻട്രൽ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

സഹോദരി കിം യോ ജോങിനും രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പമാണ് കിം ജോങ് ഉൻ ചടങ്ങിനെത്തിയതെന്നും ജനങ്ങൾ ആഘോഷത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല, എന്നാൽ വ്യവസായ കേന്ദ്രം കിം ജോങ് നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങൾ കൊറിയൻ സെൻട്രൽ വാർത്താ ഏജൻസി പിന്നീട് പുറത്തുവിട്ടിരുന്നു.

നേരത്തെ ഏപ്രിൽ 11ന് വർക്കേഴ്സ് പാർട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഏപ്രിൽ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളിൽ നിന്ന് കിം വിട്ടുനിന്നിരുന്നതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ്‌ കിമ്മിന്റെ സ്ഥിതി ഗുരുതരമായതെന്നും മസ്തിഷ്ക മരണം സംഭവിച്ചുവെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.