കമലാ ഹാരിസിന്റെ നേതൃത്വ ശൈലി ട്രംപിന്റേതിന് സമാനം: മുൻ ജീവനക്കാർ

യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് മറ്റുള്ളവരെ ഭയപ്പെടുത്തി ഭരിക്കുന്ന വ്യക്തിയാണെന്ന് ആരോപിച്ച് മുൻ ജീവനക്കാർ. ഒരു വ്യക്തിയെ മാനസികമായി തുടർച്ചയായി തകർക്കുന്ന തരത്തിലാണ് കമലയുടെ വിമർശനങ്ങളെന്നും മുൻ ജീവനക്കാർ പറയുന്നു.

കമലാ ഹാരിസിനെ പിന്തുണച്ചിരുന്ന ഒരു മുൻ സ്റ്റാഫ് അംഗം പറയുന്നതനുസരിച്ച്, അവരുടെ ഭരണ നിര്‍വ്വഹണ ശൈലി, ഡൊണാൾഡ് ട്രംപിന്റെ ശൈലിക്ക് സമാനമാണ്.

പ്രോസിക്യൂട്ടർ, രാഷ്ട്രീയ പ്രവർത്തക എന്നീ നിലകളിൽ കമലാ ഹാരിസിന്റെ ഔദ്യോഗിക ജീവിതത്തെ കുറിച്ച് 18 മുൻ സഹായികളുമായുള്ള അഭിമുഖങ്ങൾ ഉൾപ്പെടെ വാഷിംഗ്ടൺ പോസ്റ്റ് നടത്തിയ വിപുലമായ അന്വേഷണത്തെ തുടർന്നാണ് അതിശയകരമായ ആരോപണങ്ങൾ ഉയർന്നത്.

കമലാ ഹാരിസിന്റെ ജീവനക്കാരിൽ ഉയർന്ന റാങ്കിലുള്ള രണ്ട് പേർ രാജിവെച്ച പശ്ചാത്തലത്തിലാണ് ആരോപണങ്ങൾ പരസ്യമായത്. ഇവർക്ക് പിന്നാലെ ഇനിയും ജീവക്കാർ പുറത്തുപോകാനൊരുങ്ങുകയാണെന്നും പറയപ്പെടുന്നു.

കമലാ ഹാരിസ് തയ്യാറെടുപ്പുകൾ നടത്തി ജോലി ചെയ്യാൻ തയ്യാറുള്ള ഒരാളല്ല എന്ന് ഒരു മുൻ സഹപ്രവർത്തകൻ വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു. കമലയ്‌ക്കൊപ്പം ജോലി ചെയ്യുകയാണെങ്കിൽ മാനസികമായി തകർത്തുകളയുന്ന നിരന്തരമായ വിമർശനങ്ങളും അവളുടെ തന്നെ ആത്മവിശ്വാസക്കുറവും സഹിക്കാൻ തയ്യാറായിരിക്കണമെന്നും മുൻ ജീവനക്കാരൻ പറയുന്നു.