അല്‍ശിഫയിൽ തിരച്ചിൽ തുടർന്ന് ഇസ്രേയൽ സൈന്യം; കണ്ണുകെട്ടിയും വിവസ്ത്രരാക്കിയും ചോദ്യം ചെയ്യൽ, ആശുപത്രി കെട്ടിടം ഭാഗികമായി തകര്‍ന്നു

ഗാസയിലെ അല്‍ശിഫ ആശുപത്രിയില്‍ തിരച്ചിലും ചോദ്യം ചെയ്യലും ശക്തമാക്കി ഇസ്രയേല്‍ സൈന്യം. അല്‍ശിഫയുടെ കെട്ടിടസമുച്ചയം ഭാഗികമായി തകര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗികള്‍, ഡോക്ടര്‍മാര്‍, അഭയാര്‍ഥികള്‍ തുടങ്ങി ഇരുനൂറോളം പേരെ കണ്ണുമൂടിക്കെട്ടി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ ബന്ദികളാക്കാനാണോ കൊണ്ടുപോയതെന്ന കാര്യം വ്യക്തമല്ല.

ചികിത്സാ ഉപകരണങ്ങളും ശസ്ത്രക്രിയാവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടവും പൂര്‍ണമായും തകര്‍ത്തു. ഡയാലിസിസ് രോഗികളുടെ വാര്‍ഡ്, എക്സറേ മുറി, ഫാര്‍മസി എന്നിവയും സൈന്യം പിടിച്ചെടുത്തു. അല്‍ശിഫയുമായുള്ള ആശയവിനിമയം പൂര്‍ണമായും നഷ്ടപ്പെട്ടെന്ന് ഗാസയിലെ ആശുപത്രികളുടെ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സകൂത് പറഞ്ഞു.

ബുധനാഴ്ച, 30 പേരെ കണ്ണുകെട്ടി വിവസ്ത്രരാക്കി ചോദ്യം ചെയ്തിരുന്നു. മരുന്നു സംഭരണശാലയും തകര്‍ത്തു. വാര്‍ഡുകളില്‍ ഇരച്ചെത്തിയ ഇസ്രയേല്‍ സൈനികര്‍ ചോദ്യം ചെയ്യുന്നതിനായി 16 വയസിനു മുകളിലുള്ളവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹകരിക്കാത്തവരെ വെടിവെച്ചിട്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഹമാസുകാര്‍ക്കായി ആശുപത്രിയുടെ നിലവറകളിലെല്ലാം തിരച്ചിൽ തുടരുകയാണ്. കെട്ടിടത്തിനകത്ത് പ്രവര്‍ത്തിച്ചിരുന്ന മാധ്യമപ്രവര്‍ത്തകനോട് കീഴടങ്ങാനാവശ്യപ്പെട്ടു. ആശുപത്രിയില്‍ 2300ഓളം പേരുണ്ടെന്നാണ് യുഎന്നിന്റെ കണക്ക്. 650ലേറെപ്പേര്‍ രോഗികളാണ്. 22 ഏക്കറുള്ള ആശുപത്രിവളപ്പില്‍ യുദ്ധടാങ്കുകളുമായി ദിവസങ്ങളായി നിലയുറപ്പിച്ച സൈന്യം ബുധനാഴ്ചയാണ് ആശുപത്രിക്കകത്തേക്ക് പ്രവേശിച്ചത്. കവാടത്തിലുണ്ടായിരുന്ന നാല് ഹമാസ് അംഗങ്ങളെ വധിച്ചാണ് നൂറിലധികം സൈനികര്‍ അകത്തെത്തിയത്.

അല്‍ശിഫയിലെ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഇസ്രയേല്‍ സൈനിക മേജര്‍ ജനറല്‍ യാരോണ്‍ ഫിങ്കല്‍മാന്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണവും മരുന്നുകളുമായി സേനാംഗങ്ങള്‍ ആശുപത്രിയിലെത്തുന്നതിന്റെ ദൃശ്യങ്ങളും ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടു.