'ഹമാസിന്റെ ആക്രമണങ്ങള്‍ ശൂന്യതയില്‍ നിന്നുണ്ടായതല്ല'; യുഎന്‍ മേധാവിയുടെ പരാമർശത്തിനെതിരെ ഇസ്രയേൽ, അന്റോണിയോ ഗുട്ടെറസ് രാജിവെക്കണമെന്ന് ആവശ്യം

ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന പരാമര്‍ശം നടത്തിയ യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്‌ രാജിവെക്കണമെന്ന് ഇസ്രയേല്‍. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യുന്നതിനെതിരെ ശബ്ദിക്കാത്ത യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുഎന്നിനെ നയിക്കാന്‍ യോഗ്യനല്ല എന്നാണ് ഇസ്രയേലിന്റെ വിമര്‍ശനം.

ഹമാസിന്റെ ഭീകരമായ ആക്രമണത്തെ അപലപിച്ച അന്റോണിയോ ഗുട്ടെറസ്‌ അതിന്റെ പേരില്‍ പലസ്തീന്‍കാരെ ഒന്നടങ്കം ശിക്ഷിക്കുന്നതിന് ഇസ്രയേലിനെ കുറ്റപ്പെടുത്തിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ ചെയ്യുന്നത് അന്താരാഷ്ട്ര മാനുഷികനിയമങ്ങളുടെ ലംഘനമാണെന്നും പറഞ്ഞു. ഹമാസിന്റെ ആക്രമണങ്ങള്‍ ശൂന്യതയില്‍ നിന്നുണ്ടായതല്ല എന്ന് ഗുട്ടെറസ് പറഞ്ഞിരുന്നു. സായുധ സംഘര്‍ഷത്തിലേര്‍പ്പെടുന്ന ഒരു രാജ്യവും നിയമത്തിനതീതരല്ലെന്നും ഇസ്രയേലിന്റെ പേരു പരാമര്‍ശിക്കാതെ ഗുട്ടറസ് പറഞ്ഞു.

യുഎന്‍ രക്ഷാസമിതി യോഗത്തിലായിരുന്നു യുഎന്‍ മേധാവിയുടെ പരാമര്‍ശങ്ങള്‍. യോഗത്തിലുണ്ടായിരുന്ന ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഏലി കോഹൻ ഈ പരാമര്‍ശങ്ങൾക്കെതിരെ അപ്പോൾ തന്നെ പ്രതികരിച്ചു. ‘യുഎന്‍ സെക്രട്ടറി ജനറല്‍, നിങ്ങള്‍ ഏതുലോകത്താണു ജീവിക്കുന്നത്?’ എന്ന് ഗുട്ടെറസിനു നേരെ കൈചൂണ്ടി കോഹന്‍ ചോദിച്ചു. ഗുട്ടെറസ്‌ രാജിവെക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു.

അതേസമയം ഹമാസിനെ തകര്‍ക്കാതെ ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കുകയും ചെയ്തു. ഹമാസിനെ തകര്‍ക്കുക എന്ന ഒരേയൊരു ദൗത്യമേ ഇസ്രയേലിനുള്ളൂവെന്നും ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ അത് നിര്‍ത്തില്ലെന്നും നെതന്യാഹു പറഞ്ഞു. ഇതിന് പിന്നാലെ കരയാക്രമണത്തിന് തങ്ങള്‍ സജ്ജമാണെന്നും ഇസ്രയേല്‍ പ്രതിരോധസേന അറിയിക്കുകയും ചെയ്തു.