സിറിയയിലെ പള്ളിയില്‍ ചാവേര്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു; അമ്പതിലധികം പേര്‍ക്ക് പരിക്ക്; ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്

സിറിയയിലെ ദേവാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഡമാസ്‌കസിലെ സെന്റ് ഏലിയാസ് ദേവാലയത്തിലാണ് സ്‌ഫോടനമുണ്ടായത്.

ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ആണെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പള്ളിയില്‍ പ്രവേശിച്ച ഭീകരന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നവര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read more

ചാവേറിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ചാവേര്‍ ആക്രമണം നടത്തിയ ആള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ബാഷര്‍ അല്‍ അസദിനെ വിമത കലാപത്തിലൂടെ അട്ടിമറിച്ചശേഷം സിറിയയില്‍ നടക്കുന്ന ആദ്യത്തെ ചാവേര്‍ ആക്രമണമാണിത്. ആക്രമണം നടന്ന പള്ളിയില്‍നിന്നുള്ള ദൃശ്യങ്ങളും രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്.