പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ ഇറാൻ വലിയ വില നൽകേണ്ടി വരും; മുന്നറിപ്പുമായി ട്രംപ്

ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ ഭരണകൂടം ശ്രമിച്ചാൽ അമേരിക്കയുടെ ഭാഗത്തുനിന്ന് കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യവ്യാപകമായി പടരുന്ന പ്രതിഷേധങ്ങൾക്കിടയിൽ ജനങ്ങളെ കൊലപ്പെടുത്താൻ തുടങ്ങിയാൽ ഇറാനെ വളരെ ശക്തമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കൺസർവേറ്റീവ് റേഡിയോ അവതാരകൻ ഹ്യൂ ഹെവിറ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. തിക്കിലും തിരക്കിലുംപ്പെട്ട് മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും സുരക്ഷാ സേനയുടെ നടപടിയിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പിക്കിനാകില്ല എന്നും അഭിപ്രായപ്പെട്ട ട്രംപ് പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ വലിയ വില നൽകേണ്ടി വരുമെന്ന് ഇറാൻ ഭരണകൂടത്തിന് വ്യക്തമായ സൂചന നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ ആരംഭിച്ച പ്രതിഷേധങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയാണ്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ ഇതിനോടകം ഏകദേശം 45 പേരെങ്കിലും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവർത്തകർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.