പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം; മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചെന്ന് ട്രംപ്

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അതിവേഗം സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം അമേരിക്ക വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇറാന്‍ അറിയിച്ചു.

ഐക്യരാഷ്ട്ര സഭയില്‍ ഇറാനെതിരായ പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്ക മുന്നോട്ടുവച്ച 14 ഇന സമാധാന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ പരിശോധിച്ചു പ്രതികരണം അറിയിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ക്കു നേരെ ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഗണ്‍ ബോട്ടുകളും ഉപയോഗിച്ച് ആക്രമിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അതേസമയം, അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നും ഇറാന്റെ രണ്ട് കപ്പലുകളെ ആക്രമിച്ചതായും ഇറാന്‍ സൈന്യം കുറ്റപ്പെടുത്തി. അമേരിക്ക തെക്കന്‍ ഇറാനിലെ ജനവാസപ്രദേശങ്ങളിലേക്ക് ആക്രമണം നടത്തിയതായും ഇറാന്‍. യുദ്ധം അവസാനിക്കുകയും ഇറാനെതിരായ നാവിക ഉപരോധമടക്കം പിന്‍വലിച്ചാല്‍ മാത്രമേ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം സാധാരണനിലയിലാകുകയുള്ളുവെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി.