മിസൈല്‍ അക്രമത്തില്‍ യുക്രൈന്‍ വിമാനം തകര്‍ന്ന സംഭവം; കുറ്റക്കാരെ അറസ്റ്റ് ചെയ്‌തെന്ന് ഇറാന്‍

ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ യുക്രൈന്‍ വിമാനം തകര്‍ന്ന് 176 മരിച്ച സംഭവത്തില്‍ അറസ്റ്റ് നടന്നെന്ന് ഇറാന്‍. കഴിഞ്ഞയാഴ്ച അമേരിക്കയുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഇറാന്‍ മിസൈല്‍ യാത്രാവിമാനം തകര്‍ത്തത്.

സംഭവത്തില്‍ വിപുലമായ അന്വേഷണം നടന്നിട്ടുണ്ടെന്നും ചിലരെ അറസ്റ്റ് ചെയ്തതായും ഇറാന്‍ ജുഡിഷ്യറി വക്താവ് ഗോലാംഹോസെന്‍ ഇസ്മായിലി പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയില്ല. സംഭവത്തെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞിരുന്നു.

ബുധനാഴ്ച ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്ന 176 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ ബാലസ്റ്റിക് ആക്രമണത്തിനു തൊട്ടുപിന്നാലെയാണ് യുക്രൈന്‍ വിമാനം തകര്‍ന്നുവീണത്.