ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ കേസുകൾ; നിത്യാനന്ദയ്‌ക്ക് എതിരെ ഇന്റർപോളിന്റെ ബ്ലൂ കോർണർ നോട്ടീസ്

ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ കേസുകളിൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് പലായനം ചെയ്ത സ്വയംപ്രഖ്യാപിത ദൈവം നിത്യാനന്ദയെ കണ്ടെത്താൻ സഹായിക്കാൻ ഇന്റർപോൾ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ രാജ്യങ്ങൾ പങ്കിടുന്നത് നിർബന്ധമാക്കുന്ന ബ്ലൂ കോർണർ നോട്ടീസ് ഗുജറാത്ത് പൊലീസിന്റെ അഭ്യർത്ഥന മാനിച്ച് നിത്യാനന്ദയ്‌ക്കെതിരെ ഇന്റർപോൾ നൽകുകയായിരുന്നു.

സമീപ മാസങ്ങളിൽ, വെളിപ്പെടുത്താത്ത സ്ഥലങ്ങളിൽ നിന്നുള്ള പ്രഭാഷണങ്ങളിൽ വിചിത്രമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന വീഡിയോകളിൽ മാത്രമാണ് നിത്യാനന്ദയെ കാണുന്നത്. നിരവധി സമൻസുകൾ ഇതിനോടകം നിത്യാനന്ദ ഒഴിവാക്കിയിട്ടുണ്ട്.

ഒളിച്ചോടിയ “ആൾദൈവം” ഇക്വഡോറിൽ ഉണ്ടെന്ന വാർത്ത രാജ്യം നിഷേധിക്കുകയും അഭയം തേടിയുള്ള നിത്യാനന്ദയുടെ അപേക്ഷ നിരസിക്കുകയും ചെയ്തു. നിത്യാനന്ദ രാജ്യം വിട്ട് ഹെയ്തിയിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് ഇക്വഡോർ എംബസി പറഞ്ഞത്. നിത്യാനന്ദ രാജ്യത്ത് ഒരു ദ്വീപ് വാങ്ങി “കൈലാസ” എന്ന് നാമകരണം ചെയ്തുവെന്ന അവകാശവാദവും ഇക്വഡോർ നിഷേധിച്ചു.

സംഭാവന ശേഖരിക്കുന്നതിനായി കുട്ടികളെ തട്ടിക്കൊണ്ടുപോയി അഹമ്മദാബാദിലെ ആശ്രമത്തിൽ ബന്ദികളാക്കിയ കേസിൽ ഗുജറാത്ത് കർണാടക പൊലീസ് നിത്യാനന്ദയെ അന്വേഷിക്കുകയാണ്. ആശ്രമത്തിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായതിനെ തുടർന്ന് ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ ബലാത്സംഗ ആരോപണത്തെത്തുടർന്ന് 2010 ൽ ഹിമാചൽ പ്രദേശിൽ നിത്യാനന്ദ അറസ്റ്റിലായിട്ടുണ്ട്.

ഡിസംബറിൽ സർക്കാർ അദ്ദേഹത്തിന്റെ പാസ്‌പോർട്ട് റദ്ദാക്കുകയും പുതിയ ഒന്നിനുള്ള അപേക്ഷ നിരസിക്കുകയും ചെയ്തു. നിത്യാനന്ദയെ കണ്ടെത്താൻ സഹായിക്കുന്നതിന് വിദേശത്തുള്ള എല്ലാ ദൗത്യങ്ങൾക്കും പോസ്റ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.